കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍; മിഥ്യാ ധാരണകളും വസ്തുതകളും
Opinion
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍; മിഥ്യാ ധാരണകളും വസ്തുതകളും
ഡോ. തോമസ് റാഹേല്‍ മത്തായി
Monday, 12th July 2021, 2:54 pm
ആണ്‍കുട്ടികളും പെണ്‍കുട്ടികളെ പോലെ തന്നെ CSA റിസ്‌ക് നേരിടുന്നുണ്ട്. ഒരേ റിസ്‌ക് ആണെങ്കിലും, പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നല്‍കുമ്പോഴും, സെക്‌സ് എഡ്യൂക്കേഷന്‍ കൊടുക്കുമ്പോഴും, ആണ്‍കുട്ടികളെ നാം അത്ര പരിഗണിക്കാറില്ല.

Child sexual abuse (CSA) അഥവാ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം. സംസാരിക്കാന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള വിഷയം. അത് കൊണ്ട് തന്നെ ഇതെങ്ങനെ സംഭവിക്കുന്നെന്നോ, എങ്ങനെ തടയണമെന്നോ, ആര്‍ക്കും ഒരു ധാരണയില്ല.

എങ്ങനെ കുഞ്ഞുങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കണം, എവിടെ നിന്ന് തുടങ്ങണം, ഇതൊന്നും വീടുകളിലോ വിദ്യാലയങ്ങളിലോ ചര്‍ച്ച ചെയ്യപ്പെടാറില്ലല്ലോ.

CSAയ്ക്ക് എതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം എന്ന നിലയില്‍, ഇതിനെ സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില മിഥ്യാധാരണകളെ തിരുത്തുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. ഈ മിഥ്യാധാരണകളെ കുറിച്ചാണ് ഇനി പറയുന്നത്.

1. അപൂര്‍വമായി സംഭവിക്കുന്നതാണ് ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ്

എല്ലാവരും വിശ്വസിക്കാനാഗ്രഹിക്കുന്നത് തന്നെ, പക്ഷേ സത്യം അതല്ല. ഒരു സൈക്യാട്രിസ്റ്റ് എന്ന നിലയില്‍ എന്റെ അനുഭവം പറയാം. ഓപിയില്‍ കണ്‍സള്‍ട്ട് ചെയ്യാന്‍ വരുന്ന സ്ത്രീകളില്‍ 70-80% പേരെങ്കിലും ചെറുപ്പത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിന്റെ ഹിസ്റ്ററി പറയാറുണ്ട്.

അവരുടെ സെക്‌സ് ലൈഫ് താറുമാറാക്കി, ഡിപ്രെഷന്‍, ആന്‍ക്സൈറ്റി, ബോഡി ഇമേജ് ഇഷ്യൂസ് അങ്ങനെ പല രൂപത്തില്‍, ഇന്നും ആ ട്രോമ അവരെ വേട്ടയാടുന്നു. ആ മുറിവ് ഉണങ്ങി കിട്ടിയെങ്കില്‍ എന്നാഗ്രഹിച്ചാണ് അവര്‍ വരുന്നത്.

കണക്കുകള്‍ നോക്കിയാല്‍, ഇന്ത്യയില്‍ പതിനെട്ട് വയസ്സിന് താഴെ പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ സംഖ്യ 50%ലും കൂടുതലാണ്. എത്ര ഭയാനകമാണെന്ന് ഓര്‍ത്ത് നോക്കുക, രണ്ട് കുട്ടികളില്‍ ഒരാള്‍ CSA നേരിടേണ്ടി വരുക! അതുകൊണ്ട് ഇനിയെങ്കിലും, വാര്‍ത്തകളിലും മറ്റും കാണുമ്പോള്‍, ഇത് ലോകത്തിന്റെ ഏതോ കോണില്‍ നടക്കുന്ന അപൂര്‍വ സംഭവമാണ് എന്ന് കരുതാതിരിക്കുക.

2. കുട്ടികള്‍ക്ക് അപരിചിതരായവരാണ് അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്

ഒരു ‘സ്‌ട്രേഞ്ചര്‍’ ആവും കുഞ്ഞുങ്ങളെ പീഡിപ്പിക്കാന്‍ മുതിരുക എന്നതാണ് പൊതുധാരണ. സിനിമകളിലും മറ്റും കാണുന്നതും അങ്ങനെയാണല്ലോ. അത് തെറ്റാണ്.

കുട്ടികള്‍ക്ക് കൂടുതലും പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത് അവര്‍ക്ക് പരിചയമുള്ളവരില്‍ നിന്ന് തന്നെയാണ്. ബന്ധുക്കള്‍, അയല്‍ക്കാര്‍, മാതാപിതാക്കളുടെ സുഹൃത്തുക്കള്‍.. കണക്കുകള്‍ പറയുന്നത് 90%വും അങ്ങനെ ആണെന്നാണ്. അങ്കിള്‍ ആവാം, സ്‌കൂളിലെ മാഷ്, ട്യൂഷന്‍ മാഷ്, അടുത്ത് നില്‍ക്കുന്നവര്‍ ആയിരിക്കും എപ്പോഴും. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, ഈ അനുഭവം നേരിടേണ്ടി വന്നവരോട് ചോദിക്കുക. 90% it’s!

3. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് പീഡോഫൈലുകള്‍ ആണ്

എല്ലാവരുടെയും മറ്റൊരു തെറ്റിദ്ധാരണയാണ്, കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന എല്ലാവരും പീഡോഫൈല്‍സാണെന്നത്. കുഞ്ഞുങ്ങളോട് ശക്തമായി ലൈംഗിക ആകര്‍ഷണം തോന്നുന്നതിനാണ് പീഡോഫീലിയ എന്ന് പറയുന്നത്. പക്ഷേ അത് വളരെ ചെറിയൊരു ശതമാനം ആളുകളെ വരുന്നുള്ളു. അവര്‍ തന്നെ കുഞ്ഞുങ്ങളെ പീഡിപ്പിക്കാന്‍ മുതിരണം എന്ന് നിര്‍ബന്ധമില്ല.

സാധാരണ പോലെ ഹെറ്ററോ സെക്ഷ്വലായി, പാര്‍ട്ണറും കുടുംബവുമെല്ലാമായിട്ട് ജീവിക്കുന്നവരാണ് കൂടുതലും CSA കേസുകളില്‍ പ്രതിസ്ഥാനത്ത് കാണാറുള്ളത്. അവര്‍ക്ക് വഴങ്ങുന്ന ലൈംഗിക പങ്കാളിയെ പെട്ടെന്ന് കിട്ടാത്തത് കൊണ്ട് കുട്ടികളുടെ നേരെ തിരിയുന്നതാവാം.

ഒരു കുഞ്ഞിന്റെ കൂടെ തനിച്ച് വരുമ്പോള്‍, ആ സൗകര്യം മുതലെടുത്തു ചെയ്യുന്നതാവാം. കാരണങ്ങള്‍ പലതാണ്. ഒന്നോര്‍ക്കുക, ‘പീഡോഫൈലു’കളെ തപ്പി കണ്ടുപിടിച്ച് തൂക്കി കൊല്ലുന്നതും, കാസ്‌ട്രേറ്റ് ചെയ്യുന്നതും ഈ പ്രശ്‌നത്തിന് ഒരു പരിഹാരമെന്ന രീതിയില്‍ പ്രാക്ടിക്കലല്ലാ.

Because predators are everywhere, സാഹചര്യം മുതലെടുത്തു പീഡിപ്പിക്കുന്നവരെ എങ്ങനെ നാം തിരിച്ചറിയും. കുഞ്ഞുങ്ങളെ പ്രതിരോധ മുറകള്‍ പഠിപ്പിച്ച് പരിശീലിപ്പിച്ച് സജ്ജരാക്കുക. അതേ ഫലപ്രദമാവുകയുള്ളൂ.

4. പെണ്‍കുട്ടികള്‍ മാത്രമേ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുള്ളൂ

ആണ്‍കുട്ടികളും പെണ്‍കുട്ടികളെ പോലെ തന്നെ CSA റിസ്‌ക് നേരിടുന്നുണ്ട്. ഒരേ റിസ്‌ക് ആണെങ്കിലും, പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നല്‍കുമ്പോഴും, സെക്‌സ് എഡ്യൂക്കേഷന്‍ കൊടുക്കുമ്പോഴും, ആണ്‍കുട്ടികളെ നാം അത്ര പരിഗണിക്കാറില്ല.

മാത്രമല്ലാ, പീഡിപ്പിക്കുന്നവരിലും പുരുഷന്മാര്‍ മാത്രമേ ഉള്ളൂ എന്നാണ് പൊതുധാരണ. അത് തെറ്റാണ്, സ്ത്രീകള്‍ സെക്ഷ്വലി അബ്യൂസ് ചെയ്യുന്ന കേസുകളും ധാരാളമായി ഉണ്ട് സമൂഹത്തില്‍.

5. സ്പര്‍ശനം വഴി മാത്രമാണ് അബ്യൂസ് നടക്കുന്നത്

Touching മാത്രമല്ലാ, non-touching ആയിട്ടും ലൈംഗിക ചൂഷണം നടക്കാം എന്ന് മനസ്സിലാക്കുക. കുഞ്ഞുങ്ങളുടെ മുന്‍പില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിക്കുക, അവരോട് പരസ്പരം സെക്‌സ് ചെയ്യുന്നത് പോലെ അഭിനയിച്ച് കാണിക്കാന്‍ പറയുക, വിവസ്ത്രരാക്കുക, അങ്ങനെ ചിത്രങ്ങള്‍ പകര്‍ത്തുക, അവരെ പോണ്‍ കാണിക്കുക, ഇവയെല്ലാം സെക്ഷ്വല്‍ അബ്യൂസ് തന്നെയാണ്. Touching പോലെ തന്നെ ഇവയും കുട്ടികളില്‍ സൈക്കോളജിക്കല്‍ ഡാമേജ് ഉണ്ടാക്കുന്നു.

6. കുഞ്ഞുങ്ങളോട് സെക്ഷ്വല്‍ അബ്യൂസിനെ കുറിച്ച് തുറന്ന് സംസാരിച്ചാല്‍ അതവരില്‍ ഭയം ജനിപ്പിക്കും

കുഞ്ഞുങ്ങളോട്, അവരുടെ ഭാഷയില്‍, പറയേണ്ടത് പോലെ കാര്യങ്ങള്‍ പറഞ്ഞ് വ്യക്തമാക്കിയാല്‍, അവര്‍ക്ക് കൂടുതല്‍ സുരക്ഷിതരായി അനുഭവപ്പെടുകയേ ഉള്ളൂ. എല്ലാ ശരീര ഭാഗങ്ങളുടെയും പേര് കൃത്യമായി പറഞ്ഞ് കൊടുക്കുക. അബ്യൂസ് നടന്നാല്‍ തന്നെ, അത് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള വോക്യാബുലറി കുഞ്ഞുങ്ങള്‍ക്കിന്നില്ലല്ലോ.

ചില ഭാഗങ്ങള്‍ സ്വകാര്യ ഭാഗങ്ങള്‍ ആണെന്നും, അവയില്‍ സ്പര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അവര്‍ മനസ്സിലാക്കണം. സ്വകാര്യ ഭാഗങ്ങളെ സംബന്ധിക്കുന്ന ഒരു സംഭാഷണം വരുമ്പോള്‍, അവരെ കളിയാക്കുന്നതും, എന്തോ വലിയ നാണക്കേട് പോലെ പറയുന്നതും നിര്‍ത്തണം.

അവരുടെ ശരീരത്തിന്റെ മേലുള്ള പൂര്‍ണ്ണമായ അവകാശം അവര്‍ക്കാണെന്നും, കണ്‍സെന്റ് ഇല്ലാതെ ആരും ആ സ്‌പേസിലേക്ക് കേറാന്‍ പാടില്ലെന്നും ചെറുപ്രായത്തിലേ കുഞ്ഞുങ്ങള്‍ക്ക് ക്ലിയര്‍ ആയിരിക്കണം. അതവര്‍ ജീവിതത്തില്‍ നിരന്തരം പരിശീലിക്കുകയും വേണം. വന്ന വഴിയേ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്ന ആന്റിമാരും, മടിയില്‍ കേറ്റി ഇരുത്തുന്ന അങ്കിള്‍മാരും നോര്‍മലാണല്ലോ ഈ നാട്ടില്‍. കുഞ്ഞിന്റെ കണ്‍സെന്റ് നമ്മളാരും ചോദിക്കാറില്ലാ. ആ അവസ്ഥയ്ക്ക് മാറ്റം വരണം.

7. മുതിര്‍ന്നവര്‍ മാത്രമാണ് കുഞ്ഞുങ്ങളെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്നത്

20%ഓളം കേസുകളില്‍ കുട്ടികള്‍ തന്നെ അബ്യൂസേഴ്സ് ആയി മാറാറുണ്ട്. സമപ്രായക്കാര്‍, കസിന്‍സ്, മുതിര്‍ന്ന കുട്ടികളൊക്കെ ലൈംഗികമായി ചൂഷണം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ട്, മറ്റുള്ള കുട്ടികള്‍ക്കും തന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കാനുള്ള അവകാശമില്ലെന്ന് കുട്ടികള്‍ മനസ്സിലാക്കണം.

വിവസ്ത്രരാക്കുന്ന തരത്തിലുള്ള കളികളും മറ്റും ഉണ്ടാവാതെ സൂക്ഷിക്കുക. വേറെ കുട്ടികളുടെ കൂടെ കളിക്കാന്‍ വിടുമ്പോഴും, എപ്പോഴും അവരുടെ മേല്‍ ശ്രദ്ധ ഉണ്ടായിരിക്കണം.

ജാഗ്രതയോടെ ശ്രദ്ധിച്ചാലേ ചിലപ്പോള്‍ CSA തിരിച്ചറിയാന്‍ പറ്റുള്ളൂ. കുട്ടികളുടെ സ്വഭാവത്തില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍, ഉള്‍വലിയല്‍, ദേഷ്യം, മൗനം, ഇവയെല്ലാം ചുമ്മാ വിട്ടുകളയരുത്. Try to understand what they are trying to communicate. പേടിപ്പിക്കാതെ, കുറ്റപ്പെടുത്താതെ, കൂടെ ഉണ്ടാവുമെന്ന് ഉറപ്പ് നല്കിക്കൊണ്ട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുക.

ഓരോ കുഞ്ഞിനും സന്തോഷത്തോടെ, സമാധാനത്തോടെ, ക്രിയേറ്റീവായ ചുറ്റുപാടുകളില്‍ വളരാനുള്ള അവകാശമുണ്ട്. അല്ലാതെ, പാപബോധത്തില്‍, പേടിച്ചരണ്ട്, സ്വന്തം ശരീരത്തെ വെറുത്ത് ഒരു കുഞ്ഞും വളരേണ്ടി വരരുത്. അതവരുടെ വ്യക്തിത്വ വികസനത്തെയും മാനസികാരോഗ്യത്തെയും സാരമായി ബാധിക്കും. അതൊഴിവാക്കാന്‍, we should start talking about CSA. Clear and loud!

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Child Abuse Misconceptions and Facts Dr Thomas Rahel Mathai Writes

ഡോ. തോമസ് റാഹേല്‍ മത്തായി
മനോരോഗ വിദഗ്ധന്‍