സൈനിക സേവനത്തിന് നിര്‍ബന്ധിച്ചാല്‍ രാജ്യം വിടും; ഇസ്രഈലിന് മുന്നറിയിപ്പുമായി ജൂത പുരോഹിതന്‍
Trending
സൈനിക സേവനത്തിന് നിര്‍ബന്ധിച്ചാല്‍ രാജ്യം വിടും; ഇസ്രഈലിന് മുന്നറിയിപ്പുമായി ജൂത പുരോഹിതന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th March 2024, 12:40 pm

ജെറുസലേം: സൈനിക സേവനത്തിന് നിര്‍ബന്ധിതരാക്കിയാല്‍ കൂട്ടത്തോടെ രാജ്യം വിടുമെന്ന് ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കി മുതിര്‍ന്ന ജൂത പുരോഹിതന്‍. ചീഫ് സെഫാര്‍ഡിക് റബ്ബി യിത്സാക്ക് യോസെഫ് ആണ് ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയത്.

ജൂതരെ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചാല്‍ എല്ലാവരും കൂട്ടത്തോടെ രാജ്യം വിടുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോട് യുദ്ധത്തില്‍ ചേരാന്‍ നിര്‍ദേശിക്കുന്ന ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതിന് ഇടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

‘ഞങ്ങള്‍ കൂട്ടത്തോടെ രാജ്യം വിടും. യുദ്ധത്തില്‍ ചേരാന്‍ സൈന്യത്തിന് ഞങ്ങളെ നിര്‍ബന്ധിക്കാനാകില്ല. എന്നാല്‍ സര്‍ക്കാര്‍ ഇതിന് കൂട്ട് നില്‍ക്കുകയാണ് ചെയ്യുന്നത്. മതപഠന സ്ഥാപനങ്ങളുടെ പിന്തുണ ഇല്ലാതെ യുദ്ധത്തില്‍ വിജയിക്കാന്‍ സൈന്യത്തിന് സാധിക്കില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം’, റബ്ബി യിത്സാക്ക് യോസെഫ് പറഞ്ഞു.

അന്തരിച്ച ഷാസ് പാര്‍ട്ടി ആത്മീയ നേതാവ് ഒവാഡിയ യോസഫിന്റെ മകനാണ് റബ്ബി യിത്സാക്ക്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യത്തിന്റെ ഭാഗമായ ഇവര്‍ക്ക് സര്‍ക്കാരില്‍ വലിയ സ്വാധീനമുണ്ട്.

യുദ്ധത്തിനായി സൈനികരെ ആവശ്യമുണ്ടെന്നും അതിനാല്‍ മതപഠന സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സൈനിക സേവനത്തിന് തയ്യാറാകണെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് മുമ്പും ഇവര്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് ഇരകളായിട്ടുണ്ട്.

ഇസ്രഈലിലെ തീവ്ര ഓര്‍ത്തഡോക്‌സ് ജൂത വിഭാഗമായ ഹരേദി യുവാക്കള്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് എതിരാണെങ്കിലും 1200 പേര്‍ സൈന്യത്തില്‍ ചേരാന്‍ തയ്യാറായിട്ടുണ്ട്. ഇത്തരത്തില്‍ സൈനിക സേവനത്തിന് നിര്‍ബന്ധിതരായ 66,000 യുവാക്കളെ കഴിഞ്ഞ വര്‍ഷം ഇളവുകള്‍ നല്‍കി വെറുതെ വിട്ടതായി ഐ.ഡി.എഫിന്റെ പേഴ്‌സണല്‍ ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.

Content Highlight: Chief Sephardic rabbi says ultra-Orthodox will bolt country if forced into army