തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണ് ഇളവുകൾ കേരളത്തിലും ഇന്നുമുതൽ ബാധകമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. നഗരപരിധിയ്ക്ക് പുറത്തുള്ള കടകൾക്ക് ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കാം. അവശ്യ സാധനങ്ങൾ വിൽക്കാത്ത കടകൾക്കും ഇളവുകൾ ബാധകമാണെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ ഏതെല്ലാം കടകൾക്ക് തുറന്ന് പ്രവർത്തിക്കാമെന്ന് പറയുന്നുണ്ടെന്നും ഇത് പ്രകാരമുള്ള കടകൾക്ക് തുറക്കുന്നതിൽ തടസ്സമൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. ജ്യൂവലറി ഷോപ്പുകൾക്ക് ഉത്തരവ് ബാധകമല്ല.
അതേസമയം തീവ്രബാധിത പ്രദേശങ്ങളിലും റെഡ് സോണിലും ഇളവുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച്ച രാത്രിയാണ് നഗരപ്രദേശങ്ങൾക്ക് പുറത്തുള്ള കടകൾക്ക് തുറന്ന് പ്രവർത്തിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. സാമൂഹിക അകലം കൃത്യമായി പാലിച്ചു കൊണ്ട് മാത്രമേ പ്രവർത്തിക്കാവൂ എന്നും കേന്ദ്രം നിർദേശിക്കുന്നുണ്ട്.
ഗ്രാമീണ മേഖലയിലും നഗരപ്രദേശങ്ങളിലും ഷോപ്പിങ്ങ് മാളുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി ഇല്ല. എന്നാൽ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പോളങ്ങൾ തുറക്കുന്നതിൽ തടസ്സമില്ല. നേരത്തെ തന്നെ കേരള സർക്കാർ ചില മേഖലകൾക്ക് ഇളവ് നൽകി കൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാൽ കേന്ദ്ര എതിർപ്പിനെ തുടർന്ന് നിയന്ത്രണങ്ങൾ വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു. ഇളവുകൾ നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ചെറുകിട വ്യവസായ മേഖലയെ സഹായിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.