കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ തിരക്കിനിടെ നടന്‍ മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോണ്‍ ബ്രട്ടാസ് എം.പിയാണ് ഇതുസംബന്ധിച്ച ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
‘ആതിഥേയത്വത്തിന് നന്ദി മമ്മുക്ക… ദുല്‍ഖറിനും,’ എന്ന് പറഞ്ഞാണ് ബ്രിട്ടാസിസ് മുഖ്യമന്ത്രിക്കൊപ്പം മമ്മൂട്ടിയും ദുല്‍ഖറും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. നിര്‍മാതാക്കളായ ജോര്‍ജും ആന്റോ ജോസഫും ചിത്രത്തിലുണ്ടായിരുന്നു.
തൃക്കാക്കര മണ്ഡലത്തിലാണ് മമ്മൂട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന എളംകുളം. മുമ്മൂട്ടി ഇവിടുത്തെ വോട്ടറാണ്. നേരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ എ.എന്‍. രാധാകൃഷ്ണനും മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ച് വോട്ട് തേടിയിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പുപ്രചാരണത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ശേഷിക്കെ തൃക്കാക്കരയില്‍ അവസാനഘട്ട പ്രചരണത്തിലാണ് മുന്നണികള്‍.
ഇടതുമുന്നണി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ അദ്ദേഹം അഞ്ചുദിവസമായി തൃക്കാക്കരയിലുണ്ട്. വെള്ളിയാഴ്ച രണ്ട് പൊതുയോഗങ്ങളില്‍ പങ്കെടുത്ത മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ കഴിഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ യു.ഡി.എഫ് തൃക്കാക്കരയില്‍ നടത്തിയത് ഹീനമായ പ്രചാരണ രീതിയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജോ ജോസഫിന്റെ സഹധര്‍മിണിക്ക് പോലും പ്രതികരിക്കേണ്ടി വന്നു. ഇതിനെ തള്ളിപ്പറയാന്‍ പോലും യു.ഡി.എഫ് നേതാക്കള്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.