കാസര്‍ഗോഡ്: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞതില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം പാസാക്കിയപ്പോള്‍ നടപ്പാക്കില്ലെന്ന് പറഞ്ഞതാണെന്നും അതുതന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൗരത്വത്തിന്റെ കാര്യത്തില്‍ എങ്ങനെയാണ് മതം അടിസ്ഥാനമാക്കുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞതാണ്. അത് കേരളത്തിന്റെ പ്രത്യേകതയാണ്. കേന്ദ്രം നടപ്പാക്കുമെന്ന് തീരുമാനിച്ച പൗരത്വ നിയമം നിങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്ന് അപ്പോള്‍ ചിലര്‍ ചോദിച്ചു. അതിന് ഒരു ഉത്തരമേയുള്ളു, അത് ഭരണഘടനാ വിരുദ്ധമാണ്.
ഭരണഘടനാ വിരുദ്ധമായ കാര്യം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ല. ആ നിയമം ഇവിടെ നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ല എന്ന് തന്നെയാണ്,’ മുഖ്യമന്ത്രി പറഞ്ഞു. മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കിയ കേന്ദ്ര നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു.
‘ഒരു മതവിശ്വാസിക്ക് ഒരു നിയമവും, മറ്റൊരു മതവിശ്വാസിക്ക് ഒരു നിയമവും ആകുന്നത് എങ്ങനെയാണ്. മുത്തലാക്ക് ക്രിമിനല്‍ കുറ്റമാണ്. മുസ്‌ലിമിന് മാത്രമെങ്ങനെയാണ് വിവാഹമോചനം ക്രിമിനല്‍ കുറ്റമാകുന്നത്? നമ്മളീ മണ്ണിന്റെ സന്തതിയല്ലേ,’ മുഖ്യമന്ത്രി ചോദിച്ചു.