ഇന്ത്യന്‍ ഭരണഘടന രാജ്യത്തിന് ചേര്‍ന്നതല്ലെന്നാണ് ആര്‍.എസ്.എസിന്റെ നിലപാട്: പിണറായി വിജയന്‍
Kerala News
ഇന്ത്യന്‍ ഭരണഘടന രാജ്യത്തിന് ചേര്‍ന്നതല്ലെന്നാണ് ആര്‍.എസ്.എസിന്റെ നിലപാട്: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2024, 8:54 pm

തൊടുപുഴ: ഇന്ത്യന്‍ ഭരണഘടന രാജ്യത്തിന് ചേര്‍ന്നതല്ലെന്നാണ് ആര്‍.എസ്.എസിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസിന്റെ അജണ്ട അംഗീകരിച്ച പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കിയത് അക്രമകാരികള്‍ക്കാണെന്നത് രാജ്യത്തെ മതനിരപേക്ഷ തകര്‍ക്കുന്നതിന് സമാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ത്യയുടെ സവിശേഷമായ മതനിരപേക്ഷയെ ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുസ്മൃതിയുടെ മനുവിനെ മനസിലാക്കാത്തവരാണ് ഭരണഘടനാ ശില്പികളെന്ന് ആര്‍.എസ്.എസ് മുമ്പ് പറഞ്ഞതായും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

2004ല്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താന്‍ ശ്രമിച്ചെങ്കിലും ആപത്ത് മനസിലാക്കി ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയില്ലെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയില്‍ വന്ന യു.പി.എ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ വീണ്ടും അധികാരം കിട്ടിയ കോണ്‍ഗ്രസ് അവരുടെ തനിനിറം പുറത്തുകാട്ടിയെന്നും അതിനാലാണ് പിന്നീട് ബി.ജെ.പി അധികാരത്തിലെത്തിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധി വലിയ രീതിയില്‍ ഭാരത് ജോഡോ ന്യായ് യാത്ര നടത്തിയെങ്കിലും വ്യക്തമായി ഒരു അഭിപ്രായം പോലും പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അത് തടയാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.

Content Highlight: Pinarayi Vijayan said that the position of RSS is that the Constitution of India is not part of the country