Kerala News
കേന്ദ്രം കടലും കടല്‍സമ്പത്തും വന്‍കിടകള്‍ക്ക് തീറെഴുതുന്നു; ഫിഷറീസ് ബില്‍ കുത്തകകളെ സഹായിക്കാനെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 14, 09:48 am
Sunday, 14th August 2022, 3:18 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഫിഷറീസ് ബില്‍ കുത്തകകളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബില്‍ രാജ്യത്തെ മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ളതല്ല, മറിച്ച് കടലും കടല്‍സമ്പത്തും വന്‍കിടകള്‍ക്ക് തീറെഴുതാനുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം കേരള സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കടല്‍സമ്പത്ത് വന്‍കിടകള്‍ക്ക് തീറെഴുതാനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല. ഇന്ധനം, വൈദ്യുതി, കൃഷി തുടങ്ങിയവയെല്ലാം തീറെഴുതുകയാണ്. മത്സ്യത്തൊഴിലാളി ക്ഷേമം ഉറപ്പാക്കാന്‍ ആവുന്നതെല്ലാം കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.

കേന്ദ്രം ഭരിച്ച നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മീന്‍പിടിത്ത മേഖല വിദേശ ട്രോളറുകള്‍ക്ക് തുറന്നുകൊടുത്തു. ബി.ജെ.പി സര്‍ക്കാരാകട്ടെ ഒരു പടികൂടി കടന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നിയന്ത്രണാവകാശംകൂടി കവര്‍ന്നു. ബ്ലൂ ഇക്കണോമി എന്ന പേരില്‍ നടപ്പാക്കുന്ന പുത്തന്‍ സാമ്പത്തിക നയം വെല്ലുവിളികളുടെ ആക്കം കൂട്ടും.

ഗാട്ട് കരാറും ഡങ്കല്‍ നിര്‍ദേശങ്ങളും രാജ്യത്തെ കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരവും വിപണിയും ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. എന്നാല്‍, ഇന്ന് കാര്‍ഷികമേഖല വലിയ തകര്‍ച്ച നേരിടുകയാണ്. ബ്ലൂ ഇക്കണോമി നയവും സമാനമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘ലോകത്താകെ മീന്‍പിടിത്ത മേഖലയില്‍ 60 ദശലക്ഷം തൊഴിലാളികളുണ്ട്. അതില്‍ 80 ശതമാനം ഏഷ്യയിലും ആഫ്രിക്കയിലുമാണ്. ജനീവ ലോകവ്യാപാര സംഘടനാ സമ്മേളനത്തില്‍ ഈ മേഖലയിലെ സബ്‌സിഡി രണ്ടുവര്‍ഷത്തിനുശേഷം നിര്‍ത്തലാക്കാനുള്ള നിര്‍ദേശം ഇന്ത്യ അംഗീകരിച്ചുകൊടുത്തു. ഇത് ദശലക്ഷക്കണക്കിന് പേരുടെ ജീവിതം താളംതെറ്റിക്കും.

കേന്ദ്രം മണ്ണെണ്ണവില വര്‍ധിപ്പിച്ചതോടെ ഏറ്റവും ദുരിതത്തിലായത് മത്സ്യത്തൊഴിലാളികളാണ്. പ്രതിദിനം 35 മുതല്‍ 65 വരെ ലിറ്റര്‍ മണ്ണെണ്ണ ഉപയോഗിക്കുന്ന യാനങ്ങളെയടക്കം ഇത് പ്രതിസന്ധിയിലാക്കി. മണ്ണെണ്ണ വില വര്‍ധിപ്പിക്കുകയും ക്വാട്ട വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്ന് ഇക്കഴിഞ്ഞ നീതി ആയോഗ് യോഗത്തില്‍ ഉള്‍പ്പെടെ കേരളം ആവശ്യപ്പെട്ടു,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.