'നിനക്കൊക്കെ തെണ്ടാന്‍ പൊയ്ക്കൂടെ'; മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍. യു.ഡി.എഫ് ഉപരോധ സമരത്തിനിടെ സെക്രട്ടേറിയേറ്റിലെത്തിയ എം.സി. ദത്തനെ പൊലീസ് ആളുമാറി തടഞ്ഞതിന് പിന്നാലെ, മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച പ്രതികരണമെടുത്തപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടാകുന്നത്.
യു.ഡി.എഫ് ഉപരോധത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്കുള്ള പ്രധാന വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഈ സമയം സെക്രട്ടേറിയറ്റ് അനക്സിന് സമീപമെത്തിയ എം.സി. ദത്തനെ പൊലീസ് അകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. പിന്നീട് ഇദ്ദേഹത്തെ മനസിലായതോടെയാണ് പൊലീസ് കടത്തിവിട്ടത്.
എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്താണ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് സംസാരിച്ചത്. മറുപടി പറയുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ‘വേറെ പണിയില്ലടോ നിനക്കൊക്കെ, പണിയില്ലെങ്കില്‍ നിങ്ങള്‍ക്കൊക്കെ തെണ്ടാന്‍ പൊയ്ക്കൂടെ’ എന്ന് പറയുകയായിരുന്നു.
ഇതുസംബന്ധിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച എം.സി. ദത്തന്റെ പ്രതികരണം അപമാനകരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
Content Highlight: Chief Minister Pinarayi Vijayan’s scientific advisor M.C. Datta responds on media