ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ജയിച്ച് പാര്‍ലമെന്റില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേരളം നന്ദിയോടെ ഓര്‍ക്കും; ഇന്നസെന്റിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി
Obituary
ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ജയിച്ച് പാര്‍ലമെന്റില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേരളം നന്ദിയോടെ ഓര്‍ക്കും; ഇന്നസെന്റിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th March 2023, 11:32 pm

തിരുവനന്തപുരം: നടന്‍ ഇന്നസെന്റിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പര്‍ശിച്ച് നിലപാടുകള്‍ എടുത്ത പൊതുപ്രവര്‍ത്തകനുമായിരുന്നു ഇന്നസെന്റെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യര്‍ത്ഥന പ്രകാരം ലോക്‌സഭ സ്ഥാനാര്‍ഥി ആയതും വിജയിച്ചശേഷം പാര്‍ലമെന്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു.

ചലച്ചിത്രത്തില്‍ എന്നതുപോലെ ജീവിതത്തിലും നര്‍മ്മമധുരമായ വാക്കുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകള്‍ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാംവിധം നയിച്ചു,’ മുഖ്യമന്ത്രി കുറിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി പത്തരയോടെയായിരുന്നു ഇന്നസെന്റ് അന്തരിച്ചതെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, ആര്‍. ബിന്ദു എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതിനെ ആശ്രയിച്ച് മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് ഇന്ന് രാത്രി എട്ട് മണിക്ക് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നു. അതിന് ശേഷമാണ് ഈ ഉപകരണങ്ങള്‍ പിന്‍വലിച്ച് സ്വഭാവികമായി മരണത്തിന് അനുവദിച്ചത്.

അഞ്ച് പതിറ്റാണ്ടുകാലം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ഇന്നസെന്റ് 2014ല്‍ ചാലക്കുടിയില്‍ നിന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്സഭാ എം.പിയായിരുന്നു.

നാളെ 11 മണിക്ക് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ഇന്നസെന്റിന്റെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. ഒരു മണി മുതല്‍ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. മൂന്ന് മണിക്ക് ശേഷം മറ്റ് ചടങ്ങുകള്‍ക്കായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. അഞ്ചരയോടുകൂടി അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

 

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പര്‍ശിച്ച് നിലപാടുകള്‍ എടുത്ത പൊതുപ്രവര്‍ത്തകനുമായിരുന്നു ഇന്നസെന്റ്.
ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിര്‍മാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി.

എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യര്‍ത്ഥന പ്രകാരം ലോക്‌സഭ സ്ഥാനാര്‍ഥി ആയതും വിജയിച്ചശേഷം പാര്‍ലമെന്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓര്‍ക്കും.

നിശ്ചയദാര്‍ഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേള്‍ക്കുന്ന മാത്രയില്‍തന്നെ തളര്‍ന്നുപോകുന്ന പലര്‍ക്കും ഇടയില്‍ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു.

ചലച്ചിത്രത്തില്‍ എന്നതുപോലെ ജീവിതത്തിലും നര്‍മ്മമധുരമായ വാക്കുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകള്‍ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാംവിധം നയിച്ചു.

നമ്മുടെ കലാസാംസ്‌കാരിക രംഗങ്ങള്‍ക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

 

 

Content Highlight: Chief Minister Pinarayi Vijayan paid tributes to Innocent