തന്റെ രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയത്തിനിടയില്‍ വരാനിരിക്കുന്ന സിനിമയെ പറ്റി പറയുകയാണ് സംവിധായകന്‍ ചിദംബരം. അടുത്ത പടത്തിലേക്ക് എത്തിയിട്ടില്ലെന്നും രണ്ടു മൂന്ന് സിനിമകള്‍ മനസിലുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. ദ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
അതില്‍ ഒരു സിനിമയുടെ കഥ വളരെ വലുതാണെന്നും അത് മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ വലിയ സ്‌കെയിലിലുള്ള പടമാണെന്നും ചിദംബരം പറഞ്ഞു. എന്നാല്‍ ആ സിനിമയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ പേടിയാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
‘അടുത്ത പടത്തിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ എത്തും. രണ്ടു മൂന്ന് പടങ്ങള്‍ മനസിലുണ്ട്. അതില്‍ ഒന്ന് വളരെ വലുതാണ്. മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ വലിയ സ്‌കെയിലിലുള്ള പടമാണ് വരുന്നത്. ഇപ്പോള്‍ തന്നെ അതിനെ പറ്റി ആലോചിക്കുമ്പോള്‍ പേടിയാണ്,’ ചിദംബരം പറയുന്നു.
വരാനിരിക്കുന്ന സിനിമയുടെ ഴോണര്‍ ഏതാണെന്ന ചോദ്യത്തിന് ചരിത്രപരമായ സിനിമയാകുമെന്നാണ് സംവിധായകന്റെ മറുപടി. കേരളമുണ്ടാകുന്ന ചരിത്രത്തിന്റെ ഭാഗമായ കഥയാണ് താന്‍ ഇനി സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
‘ഴോണറിനെ കുറിച്ച് ചോദിച്ചാല്‍, ഒരു ഹിസ്റ്റോറിക് ആയ ചിത്രമാണ് അത്. കേരളത്തിന്റെ ചരിത്രത്തിന്റെ പ്രധാന ഭാഗം തന്നെയാണ് സിനിമയുടെ തീം. കേരളമുണ്ടാകുന്ന ചരിത്രത്തിന്റെ ഭാഗമായ കഥയാണ് പറയാന്‍ ഉദ്ദേശിക്കുന്നത്,’ ചിദംബരം പറഞ്ഞു.
ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പതിനൊന്ന് യുവാക്കളുടെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ഈ സിനിമ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള തിയേറ്ററുകളില്‍ വന്‍ വിജയമാണ്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് സിനിമക്കായി ഒന്നിച്ചത്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
Content Highlight: Chidambaram Talks About His Next Project