സംഘപരിവാര്‍ വിലക്ക് വിലപ്പോയില്ല; ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണന്‍ തന്നെ പൂജ ചെയ്യും
Daily News
സംഘപരിവാര്‍ വിലക്ക് വിലപ്പോയില്ല; ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണന്‍ തന്നെ പൂജ ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th September 2017, 6:40 pm

ആലപ്പുഴ: അബ്രാഹ്മണനെന്ന പേരില്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നിന്നും പൂജാരിയെ പുനര്‍നിയമിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. നേരത്തെ ക്ഷേത്ര പൂജാരിയായിരുന്ന ഈഴവ വിഭാഗത്തില്‍പ്പെട്ട സുധീര്‍കുമാറിനെ എതിര്‍പ്പുകളെത്തുടര്‍ന്ന് പുറത്താക്കിയിരുന്നു. ഈ നടപടിയാണ് ദേവസ്വം ബോര്‍ഡ് പുന:പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.


Also Read: കോഹ്‌ലിക്ക് കീഴില്‍ ധോണിയുടെ സ്ഥാനമെന്ത്?; തകര്‍പ്പന്‍ മറുപടിയുമായി വാര്‍ണര്‍


നിയമന ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. തടഞ്ഞു വെക്കപ്പെട്ട കീഴ്ശാന്തി നിയമനത്തിനെതിരെ സുധീര്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. നേരത്തെ അബ്രാഹ്മണനായ പൂജാരി പൂജ ചെയ്താല്‍ ദൈവകോപമുണ്ടാകുമെന്ന ക്ഷേത്രം തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം കമ്മീഷണര്‍ നിയമനം തടഞ്ഞുവെയ്ക്കുകയായിരുന്നു.

തന്ത്രിക്ക് പിന്തുണയുമായി സംഘപരിവാര്‍ നേതൃത്വത്തിലുള്ള ക്ഷേത്രഭരണസമിതിയായ ശ്രീദേവീവിലാസം ഹിന്ദുമത കണ്‍വന്‍ഷനും രംഗത്തെത്തിയിരുന്നു. ഇവരുടെ എതിര്‍പ്പു പ്രകാരമായിരുന്നു ഭരണസമിതി പ്രമേയം പാസാക്കി ദേവസ്വം ബോര്‍ഡിന് നല്‍കിയിരുന്നത്.


Dont Miss: കേരളം തന്നെയാണ് ഒന്നാമത് വെറുതെ പറഞ്ഞെന്നുമാത്രം; സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനൊരുങ്ങുന്ന മോദിയ്ക്കു മുന്നില്‍ പട്ടികയുമായി തരൂര്‍


ക്ഷേത്ര ആചാരങ്ങളില്‍ അവസാനവാക്ക് തന്ത്രിയുടേതെന്ന് പറഞ്ഞായിരുന്നു സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള കമ്മിറ്റി രംഗത്തെത്തിയത്. എന്നാല്‍ ഇതെല്ലാം തള്ളികളഞ്ഞാണ് സുധിര്‍കുമാറിനെ പുനര്‍നിയമിക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനമെടുത്തിരിക്കുന്നത്.