ബ്രാഡ്മാനെ മറികടക്കാനൊരുങ്ങി അടുത്ത ഇന്ത്യന്‍ താരം; ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റില്‍ ക്രിക്കറ്റ് ലെജന്‍ഡ് ഇവന്റെ പിന്നിലാകും
Sports News
ബ്രാഡ്മാനെ മറികടക്കാനൊരുങ്ങി അടുത്ത ഇന്ത്യന്‍ താരം; ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റില്‍ ക്രിക്കറ്റ് ലെജന്‍ഡ് ഇവന്റെ പിന്നിലാകും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st December 2022, 7:04 pm

ക്രിക്കറ്റ് ലെജന്‍ഡ് ഡൊണാള്‍ഡ് ബ്രാഡ്മാനെ പിന്നിലാക്കാനൊരുങ്ങി ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലാണ് പൂജാര ബ്രാഡ്മാനെ പിന്നിലാക്കാനൊരുങ്ങുന്നത്.

നാളെ (22/12/2022) ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റില്‍ 12 റണ്‍സ് നേടിയാല്‍ പൂജാരക്ക് ബ്രാഡ്മാനൊപ്പമെത്താം. ഒരു റണ്‍ അധികം നേടിയാല്‍ ബ്രാഡ്മാനെ മറികടക്കുകയും ചെയ്യാം.

97 ടെസ്റ്റില്‍ നിന്നും 6,984 റണ്‍സാണ് പൂജാരയുടെ പേരിലുള്ളത്. തന്റെ കരിയറിലെ 52 ടെസ്റ്റ് മത്സരത്തില്‍ നിന്നും 6,996 റണ്‍സാണ് ബ്രാഡ്മാന്‍ തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.

പൂജാരയുടെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ തന്നെ ബ്രാഡ്മാനെ പിന്നിലാക്കാന്‍ താരത്തിന് സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 90 റണ്‍സായിരുന്നു പൂജാര നേടിയത്. ആദ്യ ഇന്നിങ്‌സില്‍ നേടാന്‍ സാധിക്കാതെ പോയ സെഞ്ച്വറി രണ്ടാം ഇന്നിങ്‌സില്‍ നേടിയാണ് പൂജാര ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായത്.

ആദ്യ ഇന്നിങ്‌സില്‍ 203 പന്തില്‍ നിന്നും 90 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ താരം ‘ബീസ്റ്റ് മോഡിലേക്ക്’ ചുവടുമാറ്റുകയായിരുന്നു. 130 പന്തില്‍ നിന്നുമാണ് താരം 102 റണ്‍സ് സ്വന്തമാക്കിയത്. പൂജാരയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്.

പൂജാരയുടെയും ശുഭ്മന്‍ ഗില്ലിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 404 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

രണ്ടാം ഇന്നിങ്‌സിലും പൂജാര ആളിക്കത്തിയതോടെ ഇന്ത്യ 258 റണ്‍സിന് രണ്ട് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

513 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിടങ്ങിയ ബംഗ്ലാദേശിന് ആ റണ്‍മല താണ്ടാന്‍ സാധിച്ചില്ല. കടുവകള്‍ 324 റണ്‍സിന് ഓള്‍ ഔട്ടായതോടെ ഇന്ത്യ 188 റണ്‍സിന്റെ വിജയം കൈപ്പിടിയിലൊതുക്കി.

രണ്ടാം ടെസ്റ്റിലും വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പര വിജയം മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും മുന്നില്‍ക്കണ്ടുകൊണ്ടാണ് ഇന്ത്യ ഇനിയുള്ള ഓരോ മത്സരത്തിനുമിറങ്ങുന്നത്.

Content highlight: Cheteswar Pujara to surpass Sir Donald Bradman