ചേര്‍ത്തല: വായ്പാ കുടിശിക അടക്കാത്തതിനെ തുടര്‍ന്ന് ചേര്‍ത്തല നഗരസഭയ്ക്ക് ജപ്തി ഭീഷണി. കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുകളില്‍ നിന്ന് വായ്പയിനത്തില്‍ എടുത്ത തുക അടക്കാത്തതിനെ തുടര്‍ന്നാണ് നടപടി. പലിശയുള്‍പ്പെടെ 81ലക്ഷം രൂപയാണ് ചേര്‍ത്തല നഗരസഭ അടയ്ക്കാനുള്ളത്. ധനകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ നഗരസഭയിലെത്തി ചെയര്‍പേഴ്‌സണെയും സെക്രട്ടറിയെയും കണ്ട് സംഭവത്തിന്റെ ഗൗരവം അറിയിച്ച് ജപ്തിനടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് ഓര്‍മപ്പെടുത്തി.
2001ല്‍ നഗരസഭയിലെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഇത്രയും തുക വായ്പയെടുത്തത്. ഇതില്‍ പ്രധാനം ടൗണ്‍ഹാള്‍ നിര്‍മാണമായിരുന്നു. ഇതിന്റെ നിര്‍മാണം ഇപ്പോഴും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്.
പ്രശ്‌നത്തെ കുറിച്ച് പഠിച്ചുവരികയാണെന്നും അടുത്ത കൗണ്‍സിലില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ അറിയിച്ചു.