തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ ഖാദി ബോര്‍ഡ് വൈസ് പ്രസിഡന്റാക്കിയ ഉത്തരവ് റദ്ദാക്കി. പദവി ഏറ്റെടുക്കാനില്ലെന്ന് നേരത്തെ ചെറിയാന്‍ ഫിലിപ്പ് അറിയിച്ചിരുന്നു.
ഇതോടെയാണ് നിയമനം റദ്ദാക്കിയത്. ദുരന്തനിവാരണത്തിലെ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമനം സര്‍ക്കാര്‍ റദ്ദാക്കുന്നതെന്നും ശ്രദ്ധേയമാണ്.
ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും, നെതര്‍ലന്റ്സില്‍ പോയി പഠിച്ചതിന്റെ നടപടികള്‍ ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാംപില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം താന്‍ ചരിത്ര രചനയിലാണെന്നാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാത്തതിന് കാരണമായി ചെറിയാന്‍ ഫിലിപ്പാണ് അറിയിച്ചിരുന്നത്.