Kerala News
'മുഖ്യമന്ത്രിയുടെ കുബുദ്ധി അപാരം, ആടിനെ പട്ടിയാക്കാൻ നോക്കരുത്'; ബാറുകളിൽ പാഴ്സൽ അനുവദിക്കുന്ന തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 15, 09:44 am
Friday, 15th May 2020, 3:14 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാറുകളിൽ നിന്നും മദ്യം പാഴ്സലായി വിൽക്കാനുള്ള തീരുമാനത്തിന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ച മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മദ്യം പാഴ്സലായി കൊടുക്കണമെന്നല്ല തിരക്ക് ഒഴിവാക്കാൻ ബെവ്കോ ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടണം എന്നാണ് താൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആയുധമാക്കി ബാറുകൾ കൂടി തുറക്കാനുള്ള മുഖ്യമന്ത്രിയുടെ കുബുദ്ധി അപാരമെന്ന് പറഞ്ഞ ചെന്നിത്തല ബാറുകൾക്ക് ചില്ലറ വിൽപ്പനയ്ക്ക് അനുമതി നൽകുന്നതിലൂടെ വൻ തോതിലുള്ള ലാഭമാണ് ബാറുടമകൾക്ക് ഉണ്ടാവുക എന്നും കൂട്ടിച്ചേർത്തു.

ബാറുകളിൽ നിന്ന് പാർസൽ കൊടുക്കാനുള്ള തീരുമാനം പ്രതിപക്ഷ നേതാവിന്റെ ഉപദേശവും കൂടി സ്വീകരിച്ച് കൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യാഴാഴ്ച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ബീവറേജസ് ഔട്ട്ലെറ്റുകളുടെ മൂന്നിരട്ടി ഔട്ട്ലെറ്റുകൾ ബാറുകളിൽ തുറക്കുന്നതോടെ ബീവറേജസ് ഔട്ട്ലെറ്റുകളിലെ വില്പന ഇടിയുകയും കാലക്രമത്തിൽ അടച്ചു പൂട്ടുകയും ചെയ്യുമെന്ന് നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക