കോഴിക്കോട്: കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം ശശി തരൂരിന്റെ ഇസ്രഈല്‍ അനുകൂല നിലപാട് അംഗീകരിക്കാനാകില്ലെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റും വടകര എം.പിയുമായ കെ.മുരളീധരന്‍. തരൂര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹത്തിന്റെ നിലപാട് കോണ്‍ഗ്രസിന്റേതല്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു കെ. മുരളീധരന്‍.
ശശി തരൂരിന്റേതിന് സമാനമായ ഇസ്രഈല്‍ അനുകൂല പരമാര്‍ശങ്ങള്‍ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി തള്ളിക്കളഞ്ഞതാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റിയുടെ നിലപാട് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല കോഴിക്കോട് വെച്ച് പറഞ്ഞതാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഇസ്രഈലിന്റെ വംശഹത്യയും ഫലസ്തീനിന്റേത് ചെറുത്ത് നില്‍പുമാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ നിലപാട്.
കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ അനുകൂല നിലപാടില്‍ ആശയക്കുഴപ്പമുണ്ടാക്കിയത് തരൂരാണെന്നും തരൂര്‍ നിലപാട് തിരുത്തിയാല്‍ എല്ലാ പ്രശ്‌നങ്ങളും അതോടെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 7ന് നടന്ന സംഭവങ്ങള്‍ വര്‍ഷങ്ങളായി പീഡനം അനുഭവിക്കുന്ന ഒരു ജനതയുടെ വികാരപ്രകടനമായി മാത്രമേ തങ്ങള്‍ കാണുന്നുള്ളൂ എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നടത്തുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കാത്തത് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് പരിപാടിയുടെ സംഘാടകരാണെന്നും പറഞ്ഞ മുരളീധരന്‍ ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ തരൂര്‍ നടത്തിയിട്ടുള്ള പ്രസ്താവന തിരുത്തേണ്ടതാണെന്നും ആവര്‍ത്തിച്ചു. ആ പ്രസ്താവനയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായതെന്നും അത് അദ്ദേഹം തിരുത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നും മുരളീധന്‍ പറഞ്ഞു.
‘ ഇസ്രഈലില്‍ ഒക്ടോബര്‍ 7ന് നടന്നത് വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന ജനതയുടെ വികാരപ്രകനടമാണ്, അതൊരു ഭീകര പ്രവര്‍ത്തനമായി ഞങ്ങള്‍ കാണുന്നില്ല. എന്നാല്‍ അതിന് ശേഷം നടന്നത് ഒരു ജനതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ്,’ കെ.മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
മുസ്‌ലിം സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വെച്ചാണ് കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി അംഗം ശശിതരൂര്‍ ഇസ്രഈല്‍ അനുകൂല പരാമര്‍ശങ്ങള്‍ നടത്തിയത്. ഹമാസിനെ ഭീകരണ സംഘടന എന്ന് വിശേഷിപ്പിച്ച തരൂര്‍ ഒക്ടോബര്‍ 7ന് നടന്ന സംഭവത്തെ ഭീകരാക്രമണമായും വിശേഷിപ്പിച്ചു.
ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെ താന്‍ പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടാണെന്നായിരുന്നു തരൂര്‍ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാടല്ല അതെന്നും ഒക്ടോബര്‍ 7ന് നടന്ന സംഭവത്തെ തങ്ങള്‍ ഭീകരാക്രമണമായി കാണുന്നില്ല എന്നുമാണ് കെ.പി.സി.സി. മുന്‍ പ്രസിഡന്റ് കൂടിയായ കെ. മുരളീധരന്‍ പറഞ്ഞത്.
content highlights: Chennithala said the Congress position on the issue of Palestine; Muralidharan says Tharoor cannot be accepted