സൂപ്പര്‍താരത്തെ പുറത്താക്കാനൊരുങ്ങി ചെല്‍സി; പരിശീലക കുപ്പായത്തില്‍ പോച്ചെറ്റീനോ പണി തുടങ്ങി
Football
സൂപ്പര്‍താരത്തെ പുറത്താക്കാനൊരുങ്ങി ചെല്‍സി; പരിശീലക കുപ്പായത്തില്‍ പോച്ചെറ്റീനോ പണി തുടങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st May 2023, 11:21 am

ചെല്‍സിയുടെ പുതിയ പരിശീലകനായി ചുമതലയേറ്റിരിക്കുകയാണ് സൂപ്പര്‍ കോച്ച് മൗറീഷ്യോ പോച്ചെറ്റീനോ. ഗ്രഹാം പോട്ടറെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഫ്രാങ്ക് ലാംപാര്‍ഡിനെ ചെല്‍സി താത്കാലിക ചുമതലയേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പോച്ചെറ്റീനോ ബ്ലൂസിന്റെ കോച്ചായി സ്ഥാനമേല്‍ക്കുന്നത്.

അത്ലെറ്റിക്കോ മാഡ്രിഡില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ ചെല്‍സിയില്‍ കളിക്കുകയായിരുന്ന ഫെലിക്സ് മാഡ്രിഡിലേക്ക് മടങ്ങുകയാണെന്ന് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്ലബ്ബിന്റെ പരീശീലകനായി പോച്ചെറ്റീനോ ചുമതലയെടുത്തതിന് പിന്നാലെയാണ് താരത്തെ തിരിച്ചയക്കാന്‍ തീരുമാനമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അത്ലെറ്റികോ മാഡ്രിഡില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജനുവരിയിലാണ് പോര്‍ച്ചുഗല്‍ താരം ജോവോ ഫെലിക്സ് ചെല്‍സിയിലെത്തുന്നത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഇതുവരെ കളിച്ച 20 മത്സരങ്ങളില്‍ നാല് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

അത്ലെറ്റിക്കോ പ്രസിഡന്റ് എന്റിക്വ് സെരെസോയാണ് ഫെല്കിസിനെ ചെല്‍സി സ്ഥിരതാരമാക്കില്ലെന്നും ക്ലബ്ബിലേക്ക് തിരിച്ചയക്കുകയാണെന്നുമുള്ള വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

അതേസമയം, ഫെലിക്‌സിനെ ക്ലബ്ബിലെത്തിക്കാന്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുണ്ടോ ഡീപോര്‍ട്ടീവോയുടെ റിപ്പോര്‍ട്ട് പ്രകാരം 100 മില്യണ്‍ യൂറോയാണ് ഫെലിക്‌സിനായി പി.എസ്.ജി വാഗ്ദാനം ചെയ്തത്.

ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താനൊരുങ്ങുന്ന പി.എസ്.ജി ടീമില്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഫെലിക്‌സിനെയടക്കം പല താരങ്ങളെയും പാരീസിയന്‍സ് നോട്ടമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Chelsea will release Joao Felix in the end of the season