ബ്രസീല്‍ സൂപ്പര്‍താരം നെയമറെ സ്വന്തമാക്കാനൊരുങ്ങി ചെല്‍സി. നിലവില്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിനായി ബൂട്ടുകെട്ടുന്ന നെയ്മര്‍ പി.എസ്.ജി വിടാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെയാണ് താരവുമായി സൈനിങ് നടത്താന്‍ ചെല്‍സി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടെത്തുന്നത്.
ചെല്‍സി മേധാവി ടോഡ് ബോലി പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും നെയ്മറുടെ ട്രാന്‍സ്ഫറിന്റെ കാര്യം സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
അറുപത് മില്യണ്‍ യൂറോയാണ് ചെല്‍സി താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫറില്‍ യുവതാരങ്ങളെ ടീമിലെത്തിക്കുന്നതിലായിരുന്നു കോച്ച് ഗ്രഹാം പോട്ടര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നത്.
എന്നാല്‍ അറ്റാക്കിങ് കൂടുതല്‍ ശക്തമാക്കാനാണ് ബ്രസീലിയന്‍ സൂപ്പര്‍താരത്തെ ക്ലബ്ബിലെത്തിക്കണമെന്ന തീരുമാനത്തിലേക്ക് ചെല്‍സി എത്തുന്നത്.
നിലവില്‍ പി.എസ്.ജിയില്‍ കാര്യങ്ങള്‍ അത്ര ശുഭകാരമായിട്ടല്ല നീങ്ങുന്നത്. ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം മൊണാക്കോയുമായി തോല്‍വി വഴങ്ങിയതിന് പിന്നാലെ പി.എസ്.ജിയുടെ സ്പോര്‍ടിങ് ഡയറക്ടര്‍ ലൂയിസ് കാമ്പോസ് നെയ്മറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
മാത്രമല്ല കഴിഞ്ഞ കുറെ നാളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയും നെയ്മര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. ഖത്തര്‍ ലോകകപ്പിന് ശേഷം നടന്ന പി.എസ്.ജിയുടെ മത്സരങ്ങളില്‍ നെയ്മര്‍ ഒരു ഗോള്‍ മാത്രമാണ് അക്കൗണ്ടിലാക്കിയത്.
അതുകൊണ്ട് വരാനിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പി.എസ്.ജി നെയ്മറിന്റെ ഭാവി നിശ്ചയിക്കുകയെന്ന് കാമ്പോസ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ താരം പി.എസ്.ജി വിടുകയാണെങ്കില്‍ ചെല്‍സിയിലേക്ക് ചേക്കേറുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം.
ലീഗിലെ ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ തോല്‍വി വഴങ്ങിയെങ്കിലും തുടര്‍ മത്സരങ്ങളില്‍ മികച്ച് മുന്നേറാനും മെസി, എംബാപ്പെ കൂട്ടുകെട്ടിനൊപ്പം പി.എസ്.ജിക്കായി ചാമ്പ്യന്‍സ് ലീഗ് പട്ടം നേടാനുമുള്ള ശ്രമത്തിലുമാണ് നെയ്മര്‍.