Kerala
ട്വന്റി ട്വന്റിയും യു.ഡി.എഫും ഒന്നിച്ചു; ചെല്ലാനത്ത് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 20, 07:44 am
Wednesday, 20th October 2021, 1:14 pm

കൊച്ചി: എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരെ ട്വന്റി ട്വന്റിയും യു.ഡി.എഫും ചേര്‍ന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സാവുകയായിരുന്നു. ഒമ്പതിനെതിരെ 12 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസ്സായത്.

21 അംഗങ്ങളാണ് ചെല്ലാനം പഞ്ചായത്തിലുള്ളത്. എല്‍.ഡി.എഫിന് 9 സീറ്റ്, ട്വന്റി ട്വന്റിക്ക് 8 സീറ്റ്, യു.ഡി.എഫിന് നാല് സീറ്റ് എന്നിങ്ങനെയാണ് കക്ഷി നില.

കിഴക്കമ്പലം മോഡലിന്റെ ചുവട് പിടിച്ചാണ് ചെല്ലാനത്തും ട്വന്റി ട്വന്റി രൂപീകരിച്ചത്. സംഘടന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ നേടി. എന്നാല്‍ ട്വന്റി ട്വന്റിക്കൊപ്പം ചേര്‍ന്ന് ഭരണം പിടിക്കാന്‍ അന്ന് കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. അരാഷ്ട്രീയവാദികള്‍ എന്ന മുദ്ര കുത്തിയായിരുന്നു അന്ന് കോണ്‍ഗ്രസ് ട്വന്റി ട്വന്റിയുമായി സഖ്യം ചേരുന്നതില്‍ നിന്ന് വിട്ട് നിന്നത്.

എന്നാല്‍ ആ നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോക്കം പോവുകയായിരുന്നു. പുതിയ ഭരണത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിന്റ് സ്ഥാനം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം ട്വന്റി ട്വന്റിക്ക് നല്‍കുമെന്നാണ് വിവരം.

ഇടതുമുന്നണി പ്രതിപക്ഷത്തെ പൂര്‍ണമായും അവഗണിക്കുകയും വികസനം അട്ടിമറിക്കുകയും ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

അതേസമയം കോണ്‍ഗ്രസിന്റേത് അവസരവാദ കൂട്ടൂകെട്ടെന്നാണ് ഇടതു മുന്നണി പറഞ്ഞു. ഭാവിയില്‍ കോണ്‍ഗ്രസിന് തന്നെ ഇത് തിരിച്ചടിയാകുമെന്നും നേതൃത്വം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Chellanam Twenty 20 Congress Ldf