കോഴിക്കോട്: മുസ്‌ലിം സമുദായം കുറച്ചെങ്കിലും പിച്ചവച്ചത് ആനക്കയം ഖാന്‍ ബഹാദൂര്‍ ചേക്കുട്ടയുടെയും ആമു സാഹിബിന്റെയുമൊക്കെ ഇടപെടല്‍ കൊണ്ടാണെന്ന് എസ്.കെ.എസ്.എസ്.എഫ്. മുഖപത്രമായ സത്യധാരയുടെ എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍.
ആവേശപ്പുറത്തേറിയ ആള്‍ക്കൂട്ടം വിപ്ലവത്തിനിറങ്ങിയപ്പോള്‍, വിചാരപ്പെട്ടുമാറി നിന്ന വിവേകങ്ങളെ ‘വിപ്ലവമത’ക്കാര്‍ ‘ചേക്കുട്ടി’ എന്നു പരിഹസിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
‘വിചാരപ്പെടുമെങ്കില്‍, അവരോടു ചിലത് പറയാം: ഉമ്മത്തീങ്ങളേ, സര്‍ സയ്യിദ് അഹ്‌മദ് ഖാന്‍ അങ്ങനെയൊരു ചേക്കുട്ടിയായതു കൊണ്ടാണ് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ഉണ്ടായത്. സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങള്‍ അങ്ങനെയൊരു ചേക്കുട്ടിയായതു കൊണ്ടാണ് മാപ്പിളമാര്‍ ആര്യനെഴുത്തും ആംഗലയ ഭാഷയും പഠിക്കാനിറങ്ങിയത്.
മഖ്ദൂം കുഞ്ഞന്‍ബാവ മുസ്‌ലിയാര്‍ അങ്ങനെയൊരു ‘ചേക്കുട്ടി’യായതു കൊണ്ടാണ് പൊന്നാനിയില്‍ മഊനത്തുല്‍ ഇസ്‌ലാം സഭ പൊന്തിയത്. കോഴിക്കോട് തര്‍ബിയത്തുല്‍ ഇസ്ലാം സഭ ഉണ്ടായത്. ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍ ഉണ്ടായത്. അങ്ങനെ പലതും ഉണ്ടായത്. ഈ ഉമ്മത്ത് പിടിച്ചുനിന്നത്,’ അന്‍വര്‍ സാദിഖ് ഫൈസി എഴുതി.
ആനക്കയം ഖാന്‍ ബഹാദൂര്‍ ചേക്കുട്ടി സാഹിബ് മഞ്ചേരി പരിസരങ്ങളിലെ പല ദീനീ സ്ഥാപനങ്ങളുടെയും സംരക്ഷകനും നടത്തിപ്പുകാരനും മതഭക്തനുമായിരുന്നു. പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്ന നിലക്ക് കലാപകാരികളെ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നത് ശരി. ആ സമയത്ത് പോലും വിപ്ലവകാരികളുടെ നായകന്‍ ആലി മുസ്‌ലിയാരെ അയാള്‍ സന്ദര്‍ശിച്ചിരുന്നു.
മുസ്‌ലിയാരെ സന്ദര്‍ശിച്ചു ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സായുധ പോരാട്ടം വന്‍വിപത്തുകള്‍ ക്ഷണിച്ചുവരുത്തുമെന്നും അതിനാല്‍ പിന്തിരിയണമെന്നും ഉണര്‍ത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.