ലക്‌നൗ: ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള ഏറ്റവും വലിയ ഭീഷണിയാണ് മതേതരത്വം എന്ന് പറഞ്ഞ യു.പി മുഖ്യമന്ത്രി ആദിത്യനാഥിന് മറുപടി നല്‍കി ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.
മനുവാദികള്‍ എറ്റവും കൂടുതല്‍ ഭയക്കുന്നത് ഭരണഘടനയുടെ ആമുഖമാണെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഭരണഘടനയുടെ ആമുഖം ബി.ജെ.പിയെ രാജ്യത്ത് വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ നിന്ന് തടയുന്നതുകൊണ്ട് തന്നെ മനുവാദികള്‍ക്ക് ഭരണഘടന അംഗീകരിക്കാന്‍ കഴിയില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് കൂട്ടിച്ചേര്‍ത്തു.
” ഭരണഘടനാപദവിയില്‍ ഇരിക്കുന്ന യു.പി മുഖ്യമന്ത്രി പറയുകയാണ് മതേതരത്വമാണ് ആഗോളതലത്തില്‍ ഇന്ത്യന്‍ പാരമ്പര്യത്തിനുള്ള വലിയ ഭീഷണി.
മനുവാദികള്‍ എറ്റവും കൂടുതല്‍ ഭയക്കുന്നത് ഇന്ത്യന്‍ ഭരണഘടനയെയാണ്. എന്തെന്നാല്‍ ഭരണഘടനയുടെ ആമുഖം ബി.ജെ.പിയെ രാജ്യത്ത് വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ നിന്ന് തടയുന്നു,” ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
മതേതരത്വത്തെക്കുറിച്ചുള്ള യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യന്‍ പാരമ്പര്യത്തിന് അംഗീകാരം ലഭിക്കുന്നതിനുള്ള ഏറ്റവും വലിയ ഭീഷണി മതേതരത്വമാണെന്ന് പറഞ്ഞ ആദിത്യനാഥ് സ്വന്തം ലാഭത്തിനായി തെറ്റിദ്ധാരണ പരത്തുന്നവരെയും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരെയും വെറുതെവിടില്ലെന്ന ഭീഷണിയും മുഴക്കിയിരുന്നു.
സാമ്പത്തിക ലാഭത്തിന് വേണ്ടി തെറ്റായ പ്രചരണം നടത്തുന്ന ആളുകള്‍ അതിന്റെ അനന്തരഫലം നേരിടേണ്ടി വരുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.