2024 ഐ.പി.എല്‍ ഫൈനല്‍ മത്സരം ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ പതിനേഴാം ഐ.പിഎല്‍ സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്.
അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കൊല്‍ക്കത്ത ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തുകൊണ്ടുമാണ് ഹൈദരാബാദ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
ഫൈനല്‍ മത്സരം നടക്കുന്ന ചെന്നൈ ചെക്‌പോസ്റ്റ് സ്റ്റേഡിയത്തില്‍ മഴ പെയ്യാന്‍ സാധ്യത കുറവാണെന്നാണ് കാലാവസ്ഥ പ്രവചനം. പ്രവചനങ്ങള്‍ക്ക് അതീതമായി മഴ എത്തുമോ എന്നാണ് ആരാധകര്‍ ആശങ്കയോടെ നോക്കി കാണുന്നത്.
മത്സരത്തിനിടെ മഴ പെയ്യുകയാണെങ്കില്‍ മത്സരം പൂര്‍ത്തിയാക്കുന്നതിന് 120 മിനിട്ട് അധിക സമയം നല്‍കും. ഇതിനിടയിലും മഴ ശക്തമായി പെയ്യുകയാണെങ്കില്‍ മത്സരം റിസര്‍വ് ദിവസത്തിലേക്ക് മാറ്റിവെക്കും.
തിങ്കളാഴ്ചയാണ് ഐ.പി.എല്ലിന്റെ ഫൈനലില്‍ റിസര്‍വ് ആയി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ റിസര്‍വ് യിലും മഴ വില്ലനായി എത്തിയാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നില്‍ ഏത് ടീമാണോ അവരെ വിജയികളായി പ്രഖ്യാപിക്കും.
സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഉള്ള ടീമുകള്‍ തന്നെയാണ് ഈ സീസണില്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ നിന്നും 9 വിജയവും മൂന്നു തോല്‍വിയും അടക്കം 20 പോയിന്റോടെയാണ് കൊല്‍ക്കത്ത ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.