ചമ്പായ് സോറന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും: സഖ്യരൂപീകരണത്തിനായി പാര്‍ട്ടികള്‍ക്ക് ക്ഷണം
national news
ചമ്പായ് സോറന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും: സഖ്യരൂപീകരണത്തിനായി പാര്‍ട്ടികള്‍ക്ക് ക്ഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st August 2024, 7:59 pm

റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചമ്പായ് സോറന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ജെ.എം.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സോറന്‍ അനുകൂലമായി പ്രതികരിച്ചത്.

പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെ.എം.എം) നേതാവായി പ്രവര്‍ത്തിച്ച ചമ്പായ് സോറന്‍ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയുമായുള്ള അതൃപ്തിയെപ്പറ്റി പരസ്യമായി പ്രതികരിക്കുന്നത്.

‘എനിക്ക് മുന്നില്‍ മൂന്ന് വഴികളാണുള്ളത്. അതില്‍ ആദ്യത്തേത് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുക, രണ്ടാമത്തേത് മറ്റൊരു സംഘടന രൂപീകരിക്കുക, മൂന്നാമത്തേത് ഏതെങ്കിലും സഖ്യകക്ഷിയെ കണ്ടെത്തി അവരുമായി ചേര്‍ന്ന് മുന്നോട്ട് പോവുക. ഈ യാത്രയില്‍ എനിക്ക് മുന്നില്‍ അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്,’ ചമ്പായ് സോറന്‍ എക്‌സില്‍ കുറിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ എത്തി മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയ ചമ്പായ് സോറന്‍ ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളില്‍ ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. ആ സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സോറന്‍ അനുകൂലമായി പ്രതികരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന് സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സാധ്യമല്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് എന്തുകൊണ്ട് പറ്റില്ല എന്ന് മറുചോദ്യം ചോദിച്ച സോറന്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും മറുപടി പറഞ്ഞു.

ആദിവാസി നേതാവായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ചമ്പായ് സോറന്‍ എഴ് തവണ നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2024 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രിയായ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തപ്പോള്‍ ചമ്പായ് സോറന്‍ താത്കാലിക മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ ഹേമന്ത് സോറന്‍ ജയിലില്‍ നിന്ന് പുറത്ത് വന്നതോടെ ചമ്പായ് സോറന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവുകയായിരുന്നു.

എന്നാല്‍ ഈ തീരുമാനത്തില്‍ ചമ്പൈ സോറന്‍ അതൃപ്തനായിരുന്നു എന്നാണ് സൂചന. ഇതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ ചമ്പൈ സോറന്റെ ഭരണമികവിനെ അഭിനന്ദിച്ച് രംഗത്തെത്തിയതോടെ സോറന്‍ ബി.ജെ.പിയില്‍ ചേരുമെന്ന പ്രചാരണം ശക്തമായിരുന്നു.

Content Highlight: Champai Soren says he will form new party, invitation to parties for alliance formation