ന്യൂദല്‍ഹി: സവാളയുടെ വില വര്‍ധന തടയാന്‍ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 15 വരെയാണ് ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകുക.
കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ തുടങ്ങി.
കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്നും കേന്ദ്രം അറിയിച്ചു.
സവാളയുടെ വില കഴിഞ്ഞ പത്ത് ദിവസമായി കുത്തനെ ഉയരുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 12.13 ശതമാനം വര്‍ധനയാണ് സവാളയുടെ വിലയില്‍ ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിലവര്‍ധനവ് മുന്‍കൂട്ടി കണ്ട് സെപ്റ്റംബറില്‍ സവാളയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പ്രധാനമായും സവാള കൃഷി ചെയ്യുന്ന കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി നാശമുണ്ടായതും വിലവര്‍ധനവിന് കാരണമായെന്ന് അധികൃതര്‍ പറയുന്നു.