ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും നീക്കം ചെയ്യണമെന്ന ആഹ്വാനവുമായി കേന്ദ്ര സര്‍ക്കാര്‍. പാര്‍ട്ടി പത്രക്കുറിപ്പുകള്‍ ഇറക്കരുതെന്നും നിര്‍ദേശമുണ്ട്.
ഇവരുമായി ബന്ധപ്പെട്ട എല്ലാ പ്രൊഫൈലുകളും നീക്കം ചെയ്യണമെന്ന് അതാത് കമ്പനികളോടും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഫേസ്ബുക്ക്. ട്വിറ്റര്‍, യൂട്യൂബ് എന്നിവരോടാണ് കേന്ദ്രം ആവശ്യമുന്നയിച്ചിരിക്കുന്നത്. വാട്ആപ്പ് ഗ്രൂപ്പുകളില്‍ ഇത്തരം പോസ്റ്റുകള്‍ വരുന്നുണ്ടോ എന്നത് നിരീക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇതിന് പുറമേ പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും നിരോധിച്ച സംഘടനകളുടെ രാജ്യത്തുള്ള എല്ലാ ഓഫീസുകളും സീല്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയത്.
ബുധനാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കൊണ്ട് കേന്ദ്ര നിര്‍ദേശം വന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്തെ പി.എഫ്.ഐ നേതാക്കളെയും ഓഫീസുകളേയും കേന്ദ്രീകരിച്ച് എന്‍.ഐ.എ റെയ്ഡ് നടത്തിവരികയായിരുന്നു. ഇതില്‍ ഇരുനൂറിലധികം നേതാക്കളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ആദ്യ ഘട്ട റെയ്ഡ് നടന്ന് ദിവസങ്ങള്‍ക്ക് ശേഷം രണ്ടാം ഘട്ടമായി വീണ്ടും റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് പി.എഫ്.ഐയെ നിരോദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
സംഘടന യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് മാറി. ക്യാമ്പസ് ഫ്രണ്ട്, എന്‍.സി.എച്ച്.ആര്‍.ഒ, വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ക്കും നിരോധനമുണ്ട്.
Content Highlight: Centre orders to freeze bank account of popular front of India