ന്യൂദല്‍ഹി: കര്‍ഷക പ്രക്ഷോഭം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആക്ടിവിസ്റ്റും സ്വരാജ് ഇന്ത്യാ കണ്‍വീനറുമായ യോഗേന്ദ്ര യാദവ്. കര്‍ഷകപ്രക്ഷോഭം ചരിത്രപരമായ സംഭവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ദല്‍ഹിയില്‍ നിന്ന് പാനിപ്പത്തിലേക്ക് യാത്ര ചെയ്ത് നോക്കൂ. എത്ര കര്‍ഷകരാണ് പ്രതിഷേധത്തില്‍ ഭാഗമായിരിക്കുന്നതെന്ന് മനസിലാകും’, യോഗേന്ദ്ര യാദവ് പറഞ്ഞു.
ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം ദല്‍ഹി ചലോ മാര്‍ച്ചിന് ദല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ കര്‍ഷക സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിരവധി പേരാണ് ഇപ്പോഴും അതിര്‍ത്തികളില്‍ തുടരുന്നത്.
ദല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ കനത്ത പൊലീസ് കാവലാണ് ഇപ്പോഴും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് രാജ്യ തലസ്ഥാനത്ത് തുടരമാമെന്നും ബുരാരിയിലെ നിരാങ്കരി ഗ്രൗണ്ടില്‍ പ്രതിഷേധിക്കാമെന്നുമാണ് ദല്‍ഹി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്.
പൊലീസ് അനുമതിയെ തുടര്‍ന്ന് ഒരു വിഭാഗം കര്‍ഷകര്‍ ദല്‍ഹിയിലേക്ക് കടന്നിരുന്നു. എന്നാല്‍ ജന്തര്‍ മന്ദറിലോ രാംലീല മൈതാനയിലോ സമരം ചെയ്യാന് ഇടം നല്‍കണമെന്ന ഉറച്ച നിലപാടിലാണ് വലിയൊരു വിഭാഗം കര്‍ഷകരും അതിര്‍ത്തിയില്‍ തുടരുന്നത്.
പൊലീസില്‍ ഒരു തരത്തിലും വിശ്വാസമില്ലെന്നാണ് സിംഗു അതിര്‍ത്തിയിലെത്തിയ കര്‍ഷകര്‍ പറഞ്ഞത്.
‘ഞങ്ങള്‍ക്ക് പൊലീസില്‍ ഒരു വിശ്വാസവുമില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നത് വരെ ഞങ്ങളെങ്ങോട്ടും പോകില്ല,’ പ്രതിഷേധിക്കുന്ന കര്‍ഷകരിലൊരാള്‍ പറഞ്ഞു.
കര്‍ഷക നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും അതിര്‍ത്തിയില്‍ നിന്ന് മുന്നോട്ട് പോകുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുകയെന്നും അവര്‍ പറഞ്ഞു. ഇന്ന് കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തിനൊപ്പം അണിചേരാനെത്തുമെന്നും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പറയുന്നു.
കര്‍ഷകരെ രാജ്യതലസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. സമരത്തിന് നേതൃത്വം നല്‍കിയ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും കര്‍ഷകര്‍ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു.
കോണ്‍ക്രീറ്റ് ബാരിക്കേഡുകളും മുള്‍കമ്പികളും ട്രക്കും കണ്ടെയ്‌നറുകളുമായി പൊലീസ് പ്രതിഷധേക്കാരെ ദല്‍ഹിയുടെ അതിര്‍ത്തികളില്‍ തടയാന്‍ ശ്രമിച്ചു. പക്ഷേ പലയിടങ്ങളിലും കര്‍ഷകര്‍ ഇവ തള്ളിമാറ്റി കൊണ്ട് മുന്നോട്ടു നീങ്ങുകയായിരുന്നു.
ദല്‍ഹി ബഹാദുര്‍ഗ് അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനായി ബാരിക്കേഡ് പോലെ സ്ഥാപിച്ച ട്രക്ക് ട്രാക്ടറിനോട് ബന്ധിപ്പിച്ച്, പ്രതിഷേധക്കാര്‍ വലിച്ചുനീക്കി മാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ക്രെയ്ന്‍ ഉപയോഗിച്ച് സ്ഥാപിച്ച കണ്ടെയ്നറുകളും കര്‍ഷകര്‍ നീക്കം ചെയ്തു. നൂറു കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നായിരുന്നു കണ്ടെയ്നറുകള്‍ ഓരോന്നായി തള്ളി മാറ്റിയത്.
അതേസമയം തന്നെ പലയിടങ്ങളിലും കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്തുതന്നെ സംഭവിച്ചാലും സമരത്തില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്നും കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടല്ലാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നുമായിരുന്നു കര്‍ഷകരുടെ മറുപടി. തങ്ങള്‍ ജയിക്കാനാണ് ദല്‍ഹിയിലേക്ക് പോകുന്നതെന്നും അതിന് എത്രനാള്‍ വേണമെങ്കിലും അവിടെ തുടരാന്‍ തയ്യാറാണെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.
കര്‍ഷകര്‍ ഭക്ഷണ സാധനങ്ങളും ടാങ്കറുകളില്‍ വെള്ളവുമൊക്കെയായാണ് സമരത്തിനെത്തിയത്. സമരം മൂന്ന് മാസം വരെ തുടര്‍ന്നാലും അതിനെ നേരിടാനാവശ്യമായ ഭക്ഷണ സാധനങ്ങള്‍ കൈവശം വെച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
ഇതിനിടയില്‍ കര്‍ഷകരെ അറസ്റ്റ് ചെയ്തു പാര്‍പ്പിക്കുന്നതിനായി 9 സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ദല്‍ഹി പൊലീസ് സര്‍ക്കാരിനെ സമീപിച്ചെങ്കിലും ആംആദ്മി സര്‍ക്കാര്‍ അംഗീകരിച്ചില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക