ന്യൂദല്‍ഹി: നമ്പി നാരായണന് എതിരായ ഗൂഢാലോചന കേസിലെ അന്വേഷണ സമിതി റിപ്പോര്‍ട്ട് നാളെ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ കേസ് പരിഗണിക്കാന്‍ കഴിയില്ലെന്നാണ് കോടതി അറിയിച്ചത്. ഒരാഴ്ച കഴിഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് പരിഗണനയ്ക്ക് എടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
ഐ.എസ്.ആര്‍.ഒ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച റിട്ട ജസ്റ്റിസ് ഡി.കെ ജയിന്‍ സമിതി റിപ്പോര്‍ട്ട് ഏപ്രില്‍ മൂന്നിനാണ് സമര്‍പ്പിച്ചത്.
നമ്പി നാരായണനെതിരെയുള്ള ഗൂഢാലോചന അന്വേഷിച്ചാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. മുദ്രവെച്ച കവറിലാണ് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയോ എന്ന് പരിശോധിക്കാന്‍ മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി നിയോഗിച്ചത്.
ചാരക്കേസില്‍ 2018ലാണ് സുപ്രീം കാടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം.