Kerala News
സംഘപരിവാര്‍ അനുഭാവികളെ പങ്കെടുപ്പിച്ച് കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ ദേശീയ സെമിനാര്‍; കാവിവല്‍ക്കരണത്തിന്റെ പുതിയ മുഖമെന്ന് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 24, 09:59 am
Sunday, 24th November 2019, 3:29 pm

കോഴിക്കോട്: സംഘപരിവാര്‍ അനുഭാവികളെ പങ്കെടുപ്പിച്ച് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ദേശീയ സെമിനാര്‍. ‘ഭരണഘടനയും ജനാധിപത്യവും എഴുപത് വര്‍ഷത്തെ ഇന്ത്യന്‍ അനുഭവത്തില്‍’ എന്ന പേരിലാണ് സെമിനാല്‍ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി.മോഹന്‍ദാസ്, മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഉള്‍പ്പെടെ നിരവധി പേരെയാണ് ക്ഷണിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യ ദിവസം ആദ്യ സെഷനില്‍ വിഷയാവതരണം നടത്തുന്നത് ടി.ജി മോഹന്‍ദാസാണ്. രണ്ടാം ദിവസം ആദ്യ സെഷനില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും വിഷയാവതരണം നടത്തും.

കൂടാതെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ജി.കെ സുരേഷ് ബാബുവും മറ്റ് വിഷയങ്ങളില്‍ ഡി.ജി.പി ജേക്കബ് തോമസ്, പാര്‍ലമെന്ററി ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന വിഷയത്തില്‍ പ്രൊഫസര്‍ കെ.ജയപ്രസാദും വിഷയാവതരണം നടത്തുന്നുണ്ട്.

നവംബര്‍ 26,27 തിയ്യതികളിലായാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. എഴുപതാമത് ഭരണഘടനാ ദിനാഷോഷത്തിന്റെ ഭാഗമായാണ് സെമിനാര്‍ നടത്തുന്നത്. സര്‍വകലാശാലയിലെ രണ്ട് വകുപ്പുകളാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ എസ്.എഫ്.ഐ, അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍, എന്‍.എസ്.യു.ഐ, എസ്.എസ്.എഫ് ഉള്‍പ്പെടെ നിരവധി
വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി. കേരള കേന്ദ്ര സര്‍വ്വകലാശാലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കം കുറച്ച് കാലങ്ങളായി നടക്കുകയാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു. ടി.ജെ മോഹന്‍ദാസിനേയും ടി.പി സെന്‍കുമാറിനെയും അടക്കം ആര്‍.എസ്.എസ് അനുഭാവികളെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും ഇവര്‍ ആരോപിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ