കൊവിനില്‍ നിന്നല്ല, മുമ്പാരോ മോഷ്ടിച്ച ഡാറ്റാബേസില്‍ നിന്നാണ് ചോര്‍ച്ച: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
Kerala News
കൊവിനില്‍ നിന്നല്ല, മുമ്പാരോ മോഷ്ടിച്ച ഡാറ്റാബേസില്‍ നിന്നാണ് ചോര്‍ച്ച: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th June 2023, 8:18 pm

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിനേഷന്‍ ട്രാക്കിങ് പ്ലാറ്റ്‌ഫോമായ കൊവിന്‍ ആപ്പ് വിവര ചോര്‍ച്ച വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖര്‍. കൊവിനില്‍ നിന്നല്ല, മുമ്പാരോ മോഷ്ടിച്ച ഡാറ്റാബേസില്‍ നിന്നാണ് ചോര്‍ച്ച സംഭവിച്ചതെന്നാണ് മന്ത്രിയുടെ വാദം. കൊവിന്‍ ആപ്പില്‍ നിന്ന് വിവരങ്ങള്‍ നേരിട്ട് ചോര്‍ന്നിട്ടില്ലെന്നും ഡാറ്റകള്‍ സുരക്ഷിതമാണെന്നും മന്ത്രി അവകാശപ്പെട്ടു.

‘വിവരങ്ങള്‍ ചോര്‍ന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. വിഷയത്തില്‍ കേന്ദ്ര ഐ.ടി മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐ.ടി മന്ത്രാലയത്തിന് കീഴിലെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിനോടാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവര ചോര്‍ച്ച അതീവ ഗുരുതരമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്,’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കൊവിന്‍ വെബ്‌സൈറ്റിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയവും പ്രസ്താവനയിലൂടെ അറിയിച്ചു.

‘കൊവിന്‍ പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതമാണ്. ഒ.ടി.പി നല്‍കിയാല്‍ മാത്രമേ വിവരങ്ങള്‍ ലഭ്യമാകൂ,’ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു.

അതേസമയം, കൊവിന്‍ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ടെലഗ്രാം ബോട്ടിലൂടെ പുറത്തുവന്നതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പൗരന്മാര്‍ വാക്‌സിനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകളുടെ വിശദവിവരങ്ങള്‍, ജനന വര്‍ഷം, വാക്‌സിനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് പുറത്തായത്. ഹാക്ക് ഫോര്‍ ലേണ്‍ എന്ന ടെലഗ്രാം ബോട്ടിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.