സമ്മര്‍ദങ്ങളും മുന്നറിയിപ്പും; ഒടുവില്‍ പ്രളയകാലത്ത് സഹായമായി നല്‍കിയ അരിയുടെ വില കേരളത്തില്‍ നിന്നും പിഴിഞ്ഞെടുത്ത് കേന്ദ്രം
Kerala News
സമ്മര്‍ദങ്ങളും മുന്നറിയിപ്പും; ഒടുവില്‍ പ്രളയകാലത്ത് സഹായമായി നല്‍കിയ അരിയുടെ വില കേരളത്തില്‍ നിന്നും പിഴിഞ്ഞെടുത്ത് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th November 2022, 8:55 pm

തിരുവനന്തപുരം: 2018ലെ പ്രളയകാലത്ത് സഹായമായി അനുവദിച്ച അരിയുടെ വില നല്‍കണമെന്ന കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. 205.81 കോടി രൂപ അടക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

തുക അടച്ചില്ലെങ്കില്‍ വരും വര്‍ഷത്തെ എസ്.ഡി.ആര്‍.എഫില്‍ (സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട്)
നിന്ന് ഈ തുക ഈടാക്കുമെന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നാണ് കേരളം പണമടക്കാന്‍ നിര്‍ബന്ധിതരായത്.

2018ല്‍ 89,540 മെട്രിക് ടണ്‍ അരിയായിരുന്നു എഫ്.സി.ഐ (ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) വഴി കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിരുന്നത്. പ്രളയകാലത്ത് നല്‍കിയ ഈ സഹായത്തിന് പണം ഈടാക്കരുതെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം ആവശ്യം അംഗീകരിച്ചില്ല.

നേരത്തെ പലതവണ ഇത് സംബന്ധിച്ച് കേരളവും കേന്ദ്രവും തമ്മില്‍ വാദപ്രതിവാദങ്ങളും ഓദ്യോഗിക കത്തിടപാടുകളുമെല്ലാം നടന്നിരുന്നു. എഫ്.സി.ഐ പണത്തിന് വേണ്ടി സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തില്‍ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനോട് അനുകൂല പ്രതികരണമുണ്ടായില്ല.

പിന്നീട് പണം അടച്ചില്ലെങ്കില്‍ റിക്കവറി വേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയല്‍ മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. ഇത്തരത്തില്‍ കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് കേരളം കോടികള്‍ അടക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഹെലികോപ്ടറിനും വ്യോമസേനയും നാവികസേനയും അന്ന് നടത്തിയ മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ചെലവായ തുക അടക്കണമെന്നും നേരത്തെ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ അഭ്യര്‍ത്ഥനകളെ തുടര്‍ന്ന് കേന്ദ്രം ഇതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സഹായത്തിന് തുക ഈടാക്കുന്നതിനെതിരെ കേന്ദ്രത്തിനെതിരെ വ്യാപക വിമര്‍ശനവും അന്ന് ഉയര്‍ന്നിരുന്നു.

Content Highlight: Central govt demands money from Kerala for the rice distributed during 2018 flood