എല്ലാം ചെയ്തത് നിയമപ്രകാരം, കോടതി നിര്‍ദേശിച്ച ചികിത്സയും നല്‍കിയിരുന്നു; ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ ന്യായീകരണവുമായി മോദി സര്‍ക്കാര്‍
national news
എല്ലാം ചെയ്തത് നിയമപ്രകാരം, കോടതി നിര്‍ദേശിച്ച ചികിത്സയും നല്‍കിയിരുന്നു; ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ ന്യായീകരണവുമായി മോദി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th July 2021, 8:49 am

ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി മരണപ്പെട്ട സംഭവത്തില്‍ ന്യായീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. സ്റ്റാന്‍ സ്വാമി മരണത്തില്‍ കേന്ദ്രത്തിനെതിരെ അന്താരാഷ്ട്ര തലങ്ങളില്‍ നിന്നുവരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ ന്യായീകരണവുമായി എത്തിയിരിക്കുന്നത്.

സ്റ്റാന്‍ സ്വാമിക്ക് അവകാശങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും നിയമങ്ങള്‍ ലംഘിച്ചതിനാണ് സ്റ്റാന്‍ സ്വാമിക്കെതിരെ നടപടി സ്വീകരിച്ചതെന്നുമാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

നിയമനടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് എന്‍.ഐ.എ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹം നടത്തിയ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇന്ത്യയിലെ ഭരണകേന്ദ്രങ്ങള്‍ നിയമലംഘനത്തിനെതിരെയാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്, അല്ലാതെ അവകാശങ്ങള്‍ ഹനിക്കുകയല്ല ചെയ്തിരിക്കുന്നത്. കേസില്‍ ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളും നിയമവിധേയമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമുള്ള കൃത്യമായ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെന്നും അരിന്ദം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യപരവും ഭരണഘടനാപരവുമായ വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന നിയമവ്യവസ്ഥയും ഇതിനെ നിരീക്ഷിക്കുന്ന മനുഷ്യവകാശ കമ്മിഷനടക്കമുള്ള സ്ഥാപനങ്ങളുണ്ടെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും അഭിപ്രായം തുറന്നുപറയുന്ന പൗരസമൂഹവും ഇവിടെയുണ്ട്. രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സ്റ്റാന്‍ സ്വാമിയുടെ മരണത്തെ അപലപിച്ച് ഐക്യരാഷ്ട്രസംഘടനയും യുറോപ്യന്‍ യൂണിയനും രംഗത്തുവന്നിരുന്നു. അതീവ ദു: ഖകരമാണ് ഈ വാര്‍ത്തകള്‍ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ മനുഷ്യാവകാശ വിഭാഗം പ്രതിനിധിയായ ഈമണ്‍ ഗില്‍മോറും ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ സമിതി പ്രതിനിധി മേരി ലോവ്ലറും പറഞ്ഞത്.

‘ഇന്ത്യയില്‍ നിന്നെത്തുന്ന വാര്‍ത്തകള്‍ ദു:ഖത്തിലാഴ്ത്തുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമി കസ്റ്റഡിയിലിരിക്കെ അന്തരിച്ചു. വ്യാജ ആരോപണങ്ങളുടെ പേരില്‍ തടവില്‍ കഴിഞ്ഞ അദ്ദേഹം 9 മാസങ്ങള്‍ക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെ ഇത്തരത്തില്‍ തടവിലാക്കിയത് അംഗീകരിക്കാന്‍ കഴിയില്ല,’ മേരി ലോവ്ലര്‍ പറഞ്ഞു.

സ്റ്റാന്‍ സ്വാമിയുടെ മരണം കനത്ത ആഘാതമാണുണ്ടാക്കിയതെന്നും വിഷയം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാക്കുമെന്നും ഇ.യു. പ്രതിനിധി ഈമണ്‍ ഗില്‍മോര്‍ പറഞ്ഞു. ഈ പ്രതികരണങ്ങള്‍ക്കുള്ള മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ചായിരുന്നു സ്റ്റാന്‍ സ്വാമി അന്തരിച്ചത്. ഭീമാ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് ഹൃദയാഘാതം സംഭവിച്ചിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അന്ത്യം.

ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നത് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കണമന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ തിങ്കളാഴ്ച രാവിലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അറസ്റ്റിലായവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന യു.എ.പി.എയിലെ വകുപ്പുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു. ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട 43 ഡി (5)വകുപ്പ് ചോദ്യം ചെയ്ത് വീണ്ടും ഹരജി സമര്‍പ്പിച്ചത്.

കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരോപണ വിധേയരായവരെ നിരപരാധികളായി കാണണമെന്നാണ് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെന്നും എന്നാല്‍ ഇത്തരം കടുത്ത നിയമങ്ങള്‍ അത് പാലിക്കുന്നില്ലെന്നും ഹരജിയില്‍ സ്റ്റാന്‍ സ്വാമി ചൂണ്ടിക്കാട്ടി.

മുബൈ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍.ഐ.എ. അറസ്റ്റ് ചെയ്യുന്നത്.

ഈ കേസില്‍ ഇതിനോടകം സാമൂഹ്യപ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്‌ചോര്‍, ജ്യോതി ജഗ്തപ്, എന്നിവര്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Central  Govt against protest over Fr. Stan Swamy’s death