തിരുവനന്തപുരം: ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവില്‍ സൊസൈറ്റി സെക്ടറിന്റെ(സി 20) ചെയറായി മാതാ അമൃതാനന്ദമയിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍.
സത്സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എം, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സുധ മൂര്‍ത്തി, രാംഭൗ മല്‍ഗി പ്രബോധിനി, കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം എന്നിവരെയും അംഗങ്ങളായി കേന്ദ്രം തെരഞ്ഞെടുത്തിട്ടുണ്ട്.
ഡിസംബര്‍ ഒന്ന് മുതല്‍ 2023 നവംബര്‍ 30 വരെയുള്ള ഒരു വര്‍ഷമാണ് ഇന്ത്യ ജി 20യുടെ നേതൃത്വം വഹിക്കുക. 200ല്‍ അധികം സര്‍ക്കാര്‍തല ഉന്നതയോഗങ്ങള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.
ആഗോള തലത്തില്‍ സാമ്പത്തിക സ്ഥിരത സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ലോകത്തിലെ വികസിത-വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്കു വേണ്ടിയുള്ള ഫോറമാണ് ജി-20. സര്‍ക്കാര്‍, ബിസിനസ് ഇതര വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള വേദിയാണ് സി-20 സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍.
ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വിശപ്പ്, സംഘര്‍ഷങ്ങള്‍, ജീവജാലങ്ങളുടെ വംശനാശം, പാരിസ്ഥിതിക നാശം എന്നിവക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും സാധാരണക്കാരുടെ ശബ്ദത്തിന് ഇത്രയും ഉയര്‍ന്ന പ്രാതിനിധ്യം നല്‍കിയതിന് കേന്ദ്ര സര്‍ക്കാരിനോടുള്ള നന്ദി അറിയിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട പ്രഥമ ഓണ്‍ലൈന്‍ യോഗത്തില്‍ അമൃതാനന്ദമയി പറഞ്ഞു.
Content Highlights: Central Government has appointed Mata Amritanandamayi as the Chair of the Civil Society Sector (C20), the official body of the G20 summit to be held in India