സോണി ലിവില്‍ പ്രദര്‍ശിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത’ചുരുളി’യുടെ പതിപ്പ് സര്‍ട്ടിഫൈഡ് അല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ പാര്‍വതി.
2021 നവംബര്‍ 18ന് അനുയോജ്യമായ മാറ്റങ്ങളോടെ ചുരുളിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ ആ പതിപ്പല്ല സോണി ലിവിലൂടെ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
ചുരുളി സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച് പല തരത്തിലുള്ള ഊഹാപോഹങ്ങളും വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക പ്രസ്താവനയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ചുരുളി സിനിമയിലെ തെറിവിളികളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. സിനിമക്കെതിരെ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സമൂഹത്തെ വഴിതെറ്റിക്കാന്‍ മനഃപൂര്‍വം സംവിധായകന്‍ സിനിമയില്‍ തെറി ഉള്‍പ്പെടുത്തി എന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ് സിനിമയ്ക്കെതിരെ രംഗത്തുവന്നത്.
സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ പറഞ്ഞത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കരുതെന്നും നുസൂര്‍ പറഞ്ഞിരുന്നു.
നവംബര്‍ 17നായിരുന്നു ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തത്. ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
വ്യത്യസ്തമായ പ്രേമേയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ലിജോ ജോസ് തന്റെ സിനിമകളൊരുക്കാറുള്ളത്. ചുരുളിയും അത്തരത്തിലൊരു വ്യത്യസ്തമായ വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്. സിനിമയുടെ കഥയും അതിലെ സാങ്കേതികതയും ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.