ബ്രസൽസ്: സർക്കാരിന്റെ ഔദ്യോഗിക ഉപകരണങ്ങളിൽ നിന്നും ടിക്-ടോക്ക് പൂർണമായും ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് ബോഡിയായ യൂറോപ്യൻ യൂണിയൻ .
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഔദ്യോഗിക ഉപകരണങ്ങളിൽ നിന്നും ടിക് ടോക്ക് ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് യൂറോപ്യൻ യൂണിയൻ നിർദേശം നൽകിയത്.
ഔദ്യോഗിക ഉപകരണങ്ങൾക്ക് പുറമേ ജോലിക്ക് ഉപയോഗിക്കുന്ന വ്യക്തിഗത ഉപകരണങ്ങളിൽ നിന്നും ടിക് ടോക്ക് ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥക്ക് ഇ.യു നിർദേശം നൽകിയതായി അസോസിയേറ്റഡ് പ്രസ്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമായും സൈബർ സെക്യൂരിറ്റി അക്രമങ്ങളിൽ നിന്നും യൂറോപ്യൻ കമ്മീഷനെ സംരക്ഷിക്കുന്നതിനായും കമ്മീഷന്റെ അന്തരീക്ഷം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന്റെ ഭാഗമായും ടിക് ടോക്ക് ഔദ്യോഗിക ഉപകരണങ്ങളിൽ നിന്നും ഒഴിവാക്കാൻ ഇ.യു തീരുമാനിച്ചിരിക്കുന്നു,’ ഇ.യു പ്രസ്താവനയിലൂടെ അറിയിച്ചു.
അമേരിക്കയിൽ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവും ഇ.യുവിനെ ഔദ്യോഗിക ഉപകരണങ്ങളിൽ നിന്നും ടിക് ടോക്ക് ഒഴിവാക്കാനായി സമ്മർദം ചെലുത്തിയിട്ടുണ്ട്. അമേരിക്കൻ പൗരരുടെ ഡാറ്റ സെക്യൂരിറ്റിയും രാജ്യത്തിന്റെ സുരക്ഷാ കാരണങ്ങളിൽ ആശങ്കയും ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാൻ നിയമ നിർമാതാക്കൾ തീരുമാനിച്ചിരുന്നത്.
രാജ്യത്ത് ടിക് ടോക് നിരോധിക്കാനുള്ള ബിൽ സെനറ്റർ ജോഷ് ഹോലി, കെൻ ബക്ക് എന്നിവരായിരുന്നു അവതരിപ്പിച്ചിരുന്നത്.
‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അമേരിക്കൻ പൗരരുടെ വ്യക്തിഗത ഡാറ്റ ചോർത്താനും കുട്ടികൾ അടക്കമുള്ള പൗരരെ നിരീക്ഷിക്കാനുമുള്ള പിൻ വാതിൽ ഉപാധിയാണ് ടിക് ടോക്,’ എന്നാണ് ബിൽ അവതരിപ്പിക്കവെ ജോഷ് ഹോലി പറഞ്ഞത്.