ന്യൂദല്‍ഹി: സിവില്‍ ഡിഫന്‍സ് ഓഫിസര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണവും റീപോസ്റ്റ്‌മോര്‍ട്ടവും വേണമെന്ന് കുടുംബം. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സാബിയയുടെ കുടുംബം ദിവസങ്ങളായി വീടിന് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.
കുടുംബത്തിന് ഐക്യദാര്‍ഢ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തില്‍ ദല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കൃത്യവിലോപമാണെന്ന് അദ്ദേഹം പറഞ്ഞു. മകള്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാന്‍ കുടുംബത്തിന് അവകാശമുണ്ടെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും പറഞ്ഞു.
ദല്‍ഹി ലജ്പത് നഗര്‍ ജില്ല മജിസ്‌ട്രേറ്റ് ഓഫീസില്‍ ജോലി ചെയ്തിരുന്ന 21 കാരിയുടെ മൃതദേഹം കഴിഞ്ഞ 27ന് ഫരീദാബാദിനടുത്ത സൂരജ്കുണ്ഡില്‍ നിന്നാണ് കണ്ടെത്തിയത്.
യുവതിയെ മേലുദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസില്‍ നിസാമുദ്ദീന്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
യുവതിയെ കൊലപ്പെടുത്തിയശേഷം നിസാമുദ്ദീന്‍ കാളിന്ദി കുഞ്ച് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വീട്ടുകാരറിയാതെ നിസാമുദ്ദീന്‍ ഇരയെ ജൂണ്‍ 11ന് സാകേത് കോടതി വളപ്പില്‍ എത്തിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുമ്പാകെ കല്യാണം കഴിച്ചതായും പിന്നീട് മറ്റൊരാളുമായി ഉണ്ടായ സൗഹൃദമാണ് കൊലക്ക് കാരണമെന്നുമാണ് പൊലീസ് പറയുന്നത്.
മുഖം, കഴുത്ത്, മാറിടം തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഴത്തിലുള്ള 15 മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, ബലാത്സംഗം നടന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലില്ലെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍, കല്യാണം കഴിഞ്ഞെന്ന വാദം യുവതിയുടെ കുടുംബം തള്ളി. ആഗസ്റ്റ് 26ന് വൈകീട്ട് ഏഴരക്കും എട്ടിനും ഇടയില്‍ മകളുടെ മിസ്‌കോള്‍ വന്നിരുന്നു. 15 മിനിറ്റിനുശേഷം തിരിച്ചുവിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയി.
തുടര്‍ന്ന് സമീപത്തെ ബസ് സ്‌റ്റോപ്പുകളിലും മറ്റുപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും മകളെ കണ്ടെത്താനായില്ല. ജില്ല മജിസ്‌ട്രേറ്റ് ഓഫിസിലെത്തിയെങ്കിലും അകത്തേക്ക് കയറ്റിവിട്ടില്ല.
കൂടെ ജോലിചെയ്യുന്നവരുമായി ബന്ധപ്പെട്ടപ്പോള്‍ മകളുടെ ബോസുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും ആഗസ്റ്റ് 27ന് മകളുടെ മൃതദേഹമാണ് കിട്ടിയതെന്നും കുടുംബം പറയുന്നു.