'മുല സിമ്പോളിസത്തിനും ഫാന്റസിക്കുമൊക്കെ പാത്രമായ അവയവമാണ്. അതിന് തീര്‍ച്ചയായും സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. അതിലേക്ക് പരിവേഷണം നടത്താന്‍ പല കഥകള്‍ കോര്‍ത്തിണക്കി ഒരൊറ്റ കഥയാക്കി. മുലയുടെ അളവ് നോക്കിയുള്ള മാറ്റിനിര്‍ത്തപ്പെടലുകള്‍, അനഭിമതമായ നോട്ടങ്ങള്‍, സ്പര്‍ശനങ്ങള്‍ എല്ലാം 'ബി 32 മുതല്‍ 44 വരെ'യുടെ രൂപീകരണത്തിലേക്ക് നയിച്ചിട്ടുണ്ട്. പലകാലങ്ങളായുള്ള അനുഭവങ്ങള്‍ എല്ലാം കൂടിച്ചേര്‍ന്ന് ഉരുത്തിരിഞ്ഞതാണ് ഈ ചിത്രം,' സംവിധായിക ശ്രുതി ശരണ്യം സംസാരിക്കുന്നു.
ശ്രുതി ശരണ്യം
അഭിമുഖം : ശ്രുതി ശരണ്യം(സംവിധായിക, ബി 32 മുതല്‍ 44 വരെ) / അമൃത ടി. സുരേഷ്
അമൃത ടി. സുരേഷ്:റിലീസിന് ശേഷം ബി 32 മുതല്‍ 44 വരെ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ പ്രതികരണം പ്രതീക്ഷിച്ചിരുന്നോ? അതോ പ്രതീക്ഷകള്‍ക്കും അപ്പുറം പോയോ?
ശ്രുതി ശരണ്യം: പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പുരുഷന്മാരും അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. പല രീതിയിലുള്ള എഴുത്തുകള്‍ കാണുന്നുണ്ട്. ഇങ്ങനെയൊക്കെ ആളുകള്‍ എഴുതുമെന്ന് വിചാരിച്ചില്ല. ഒരു വിഭാഗം ഓഡിയന്‍സ് സിനിമക്ക് ഉണ്ട് എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് പോയി. റിവ്യൂസ് കണ്ടിട്ട് ആളുകള്‍ തിയേറ്ററിലേക്ക് പോകുന്നുണ്ട്. വളരെ സന്തോഷം.
അമൃത ടി. സുരേഷ്: സിനിമയെ പറ്റി സ്ത്രീകളുടെ എഴുത്തുകളാണ് കൂടുതലും കണ്ടത്. അഭിനന്ദനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അപ്പുറം ചിത്രത്തിലെ പല സംഭവങ്ങളും കഥാപാത്രങ്ങളും അവര്‍ സ്വന്തം ജീവിതവുമായാണ് ബന്ധപ്പെടുത്തി എഴുതിയിരിക്കുന്നത്. അതിനെ എങ്ങനെ നോക്കികാണുന്നു?
ശ്രുതി ശരണ്യം: അങ്ങനെ കണക്ട് ചെയ്യാന്‍ പറ്റും എന്ന തോന്നല്‍ എനിക്ക് ഉണ്ടായിരുന്നു. ഇതിലെ എല്ലാ കഥാപാത്രങ്ങളിലും ഞാനുണ്ട്. എല്ലാ സ്ത്രീകള്‍ക്കും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സിനിമ കണക്ട് ചെയ്യും.
അമൃത ടി. സുരേഷ്: സ്ത്രീ ശരീര രാഷ്ട്രീയത്തെ പറ്റി സംസാരിക്കുക, പ്രത്യേകിച്ചും മുലകളെ പറ്റി സംസാരിക്കുക, അതൊരു സിനിമയാക്കുക എന്ന തീരുമാനത്തിലേക്ക് എത്തുന്നത് ഒരു ധൈര്യമാണല്ലോ. ഏത് ഘട്ടത്തിലാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുന്നത്?
ശ്രുതി ശരണ്യം: മുല സിമ്പോളിസത്തിനും ഫാന്റസിക്കുമൊക്കെ പാത്രമായ അവയവമാണ്. അതിന് തീര്‍ച്ചയായും സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. അതിലേക്ക് പരിവേഷണം നടത്താന്‍ പല കഥകള്‍ കോര്‍ത്തിണക്കി ഒരൊറ്റ കഥയാക്കി. പലരും ഇതിനെ ആന്തോളജി ആയി വ്യാഖാനിച്ച് കണ്ടു. ഇതൊരു സിംഗിള്‍ നരേറ്റീവ് ആണ്.
2018ലാണ് ഇങ്ങനെയൊരു കോണ്‍സെപ്‌റ് മനസിലേക്ക് വരുന്നത്. അന്നുമുതല്‍ സ്ത്രീ ശരീര രാഷ്ട്രീയത്തെ പറ്റി, മുലകളെ പറ്റി ഒന്ന് തുറന്ന് പറയണം എന്ന് ചിന്തിച്ചിരുന്നു. പ്രത്യേകിച്ച് ഒരു സാഹചര്യത്തിന്റെ പുറത്ത് ഉണ്ടായതല്ല ബി 32 മുതല്‍ 44 വരെ.
ഞാന്‍ അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ് ബി 32 മുതല്‍ 44 വരെയില്‍ പറഞ്ഞിരിക്കുന്നത്.
‘എനിക്ക് എന്റെ സൈസ് അറിയില്ല’ എന്ന് ഇമാന്‍ എന്ന കഥാപാത്രം പറയുന്നുണ്ട്. ഞാന്‍ നിരന്തരം നേരിടുന്ന പ്രശ്‌നമാണ് അത്. മുലയുടെ അളവ് നോക്കിയുള്ള മാറ്റിനിര്‍ത്തപ്പെടലുകള്‍, അനഭിമതമായ നോട്ടങ്ങള്‍, സ്പര്‍ശനങ്ങള്‍ എല്ലാം ഈ സിനിമയുടെ രൂപികരണത്തിലേക്ക് നയിച്ചിട്ടുണ്ട്. പലകാലങ്ങളായുള്ള അനുഭവങ്ങള്‍ എല്ലാം കൂടിച്ചേര്‍ന്ന് ഉരിത്തിരിഞ്ഞതാണ് ഈ ചിത്രം.
അമൃത ടി. സുരേഷ്: സെക്സ് എജ്യുക്കേഷന്‍ ലഭിക്കാത്തതിന്റെ പ്രശ്നം ചിത്രത്തില്‍ പല ഭാഗത്തും പറയുന്നുണ്ട്. ചിത്രം തുടങ്ങുന്നത് റിയല്‍ ലൈഫ് റഫറന്‍സ് കാണിച്ചുകൊണ്ടാണ്. അന്ന് ആ സംഭവത്തെ പലരും ന്യായീകരിച്ചത് ആ പയ്യന്‍ കണ്‍സെന്റ് ചോദിക്കുകയല്ലേ എന്ന് പറഞ്ഞാണ്. വിനായകന്‍ പ്രസ് മീറ്റിന് വന്ന മാധ്യമപ്രവര്‍ത്തകയോട് സെക്സിന് താല്‍പര്യമുണ്ടോ എന്ന് ചോദിക്കുന്നത് ഉദാഹരണമായി പറഞ്ഞപ്പോഴും കണ്‍സെന്റ് ചോദിക്കുകയല്ലേ എന്ന് പറഞ്ഞാണ് ചിലര്‍ ന്യായീകരിച്ചത്? കണ്‍സെന്റിനെ ആളുകള്‍ എങ്ങനെയൊക്കെയാണ് തെറ്റിദ്ധരിച്ച് വെച്ചിരിക്കുന്നത്?
ശ്രുതി ശരണ്യം: കണ്‍സെന്റിന് അങ്ങനെ കൃത്യമായ ഒരു നിര്‍വചനം നല്‍കാനാവില്ല. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട സംഗതിയാണ് കണ്‍സെന്റ്. കണ്‍സെന്റ് ചോദിക്കുന്നതിനു മുന്‍പുള്ള ചില സാമാന്യമര്യാദകള്‍ ഉണ്ട്. അപ്പുറത്ത് നില്‍ക്കുന്ന വ്യക്തിക്ക് അതേ മാനസികാവസ്ഥയുണ്ടോ, അവരില്‍ നിന്ന് എന്തെങ്കിലും പോസിറ്റീവ് റിയാക്ഷന്‍ കിട്ടുന്നുണ്ടോ എന്ന് നോക്കണം. ഇത് തിരിച്ചറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ട കാര്യമില്ല. സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ ആര്‍ക്കും മനസിലാക്കാവുന്നതാണ്.
ഓര്‍ക്കാപ്പുറത്ത് കയറി ഒരു സ്ത്രീയോട് can i have sex with you എന്ന് ചോദിക്കുന്നതും ഞാന്‍ കേറി പിടിച്ചോട്ടെ എന്ന് ചോദിക്കുന്നതും കണ്‍സെന്റല്ല.
അതൊരുതരം വയലേഷന്‍ തന്നെയാണ്. ആരോട് എപ്പോള്‍ എങ്ങനെ ചോദിക്കുന്നു എന്നത് പ്രധാനമാണ്. കണ്‍സെന്റ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുകയാണ്. താല്‍പര്യമില്ലെന്നു മനസിലാക്കിയാണ് പലപ്പോഴും സ്ത്രീകളോട് പല ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
അമൃത ടി. സുരേഷ്: കാസ്റ്റിങ് കൗച്ചിനെ പറ്റി ചിത്രത്തില്‍ പറയുന്നുണ്ട്. നിരവധി സ്ത്രീകള്‍ കാസ്റ്റിങ് കൗച്ച് നേരിട്ട അനുഭവങ്ങള്‍ ഇപ്പോള്‍ തുറന്ന് പറയുന്നുണ്ട്. എന്നാല്‍ ഉപദ്രവിച്ച ആളുടെ പേര് പറയൂ, ഇല്ലെങ്കില്‍ ആരോപണം കള്ളമാണ് എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ കാണാം. സിനിമ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന ആളെന്ന നിലയില്‍, കാസ്റ്റിങ് കൗച്ച് നേരിട്ട ഒരാള്‍ക്ക് അത് തുറന്ന് പറയാനുള്ള പ്രതിബന്ധങ്ങള്‍ എന്തൊക്കെയാണെന്നാണ് തോന്നുന്നത്? അങ്ങനെ തുറന്ന് പറയാന്‍ ധൈര്യം ലഭിക്കുന്ന തരത്തിലേക്ക് സമൂഹവും സിനിമയും എത്രത്തോളം മാറേണ്ടതുണ്ട്?
ശ്രുതി ശരണ്യം: മാളവിക ശ്രീനാഥ് എന്ന നടി അവര്‍ക്ക് നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം കഴിഞ്ഞ ദിവസം തുറന്നു പറയുന്നത് ഞാന്‍ കേട്ടിരുന്നു. എന്റെ സിനിമയിലും ഇതുതന്നെയാണല്ലോ പറയുന്നത് എന്ന് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. 14 വര്‍ഷം മുന്‍പ് എനിക്ക് നേരിട്ട അനുഭവമാണ് സിനിമയില്‍ കാണിക്കുന്നത്. അഭിനേതാവ് ആകാന്‍ ആഗ്രഹിച്ച് വന്ന ആളല്ല ഞാന്‍ എന്നുമാത്രം. അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ ആഗ്രഹിക്കുന്ന കാലത്ത് ഒരാള്‍ എന്നോട് ചെയ്ത കാര്യമാണ്.
സിനിമയില്‍ റെയ്ച്ചല്‍ എന്ന കഥാപാത്രം പ്രതികരിച്ചത് പോലെ എനിക്ക് അന്ന് പ്രതികരിക്കാനായില്ല. ഞാന്‍ ഷോക്കിലായിരുന്നു. പേടിയും വിറയലും കാരണം പ്രതികരിക്കാന്‍ പറ്റിയില്ല. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാകുന്നില്ലായിരുന്നു. അന്ന് എങ്ങനെയൊക്കെയോ കുതറിമാറി അവിടെ നിന്നും രക്ഷപ്പെട്ടതാണ്. അതിന്റെ പേരില്‍ കുറെ കരഞ്ഞിട്ടുണ്ട്. അന്നത്തെ ഷോക്ക് ഇന്നും ഓര്‍മയിലുണ്ട്. ഇത്രയും വര്‍ഷമായിട്ടും മറക്കാന്‍ പറ്റിയിട്ടില്ല. ഇന്നും അതിനെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. 14 കൊല്ലം കഴിഞ്ഞിട്ടും ഇവിടെ ഒരു മാറ്റവും വന്നിട്ടില്ല. അത് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.
പേര് പറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ട്. പേര് പറഞ്ഞാല്‍ വിഷയം പൊതുമധ്യത്തിലേക്ക് വന്നു. അതിന്റെ ഭാഗമായി ഡീഫമേഷന്‍ കേസുകള്‍ ഉണ്ടാകാം. ഇക്കാര്യങ്ങള്‍ ഓര്‍ത്തിട്ടാണ് പെണ്‍കുട്ടികള്‍ പേര് പറയാതിരിക്കുന്നത്. ഇതിനൊന്നും പലപ്പോഴും തെളിവുകള്‍ ഇല്ലല്ലോ. പൊതു മധ്യത്തില്‍ വച്ച് ആയിരിക്കില്ല നടക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി മാത്രമാണ് ആകെയുള്ള തെളിവ്. അതിനപ്പുറത്തേക്ക് സാഹചര്യ തെളിവുകള്‍ മാത്രമാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആള്‍ക്ക് ഡീഫമേഷന്‍ കേസ് ഫയല്‍ ചെയ്യാനും നീ എന്നെ അപമാനിച്ചു എന്ന് പറയാനും ടോര്‍ച്ചര്‍ ചെയ്യാനും അവര്‍ക്ക് പിന്നീട് ഉണ്ടായേക്കാവുന്ന നല്ല ഭാവിയെ ഇല്ലാതാക്കാനും വരെ സാധിക്കും.
പവര്‍ പൊസിഷന്റെ പ്രശ്‌നവും ഇവിടെ വരുന്നുണ്ട്. 14 കൊല്ലം മുമ്പ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോള്‍ എനിക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഒരുപക്ഷേ പവര്‍ പൊസിഷനില്‍ താഴെ നില്‍ക്കുന്ന ആളില്‍ നിന്നുമാണ് ഈ അനുഭവം ഉണ്ടാകുന്നതെങ്കില്‍ എന്റെ പ്രതികരണം മാറിയേനെ. പവര്‍ പൊസിഷനില്‍ എനിക്ക് മുകളില്‍ നില്‍ക്കുന്ന ആളായതുകൊണ്ട് അന്ന് ഭയമായിരുന്നു.
ഇങ്ങനെയുള്ള പ്രശ്‌നമുള്ളതുകൊണ്ടാണ് പലപ്പോഴും പെണ്‍കുട്ടികള്‍ പേരു വെളിപ്പെടുത്താത്തത്. തുറന്നു പറയാനുള്ള സ്‌പേസ് ഉണ്ടാകണം. പേര് പറയണോ പറയാതിരിക്കണോ എന്നുള്ളത് അവരുടെ ചോയ്‌സാണ്.
പേര് പറഞ്ഞില്ല എന്നതുകൊണ്ട് നിങ്ങള്‍ക്ക് അങ്ങനെ ഒരു അനുഭവം ഇല്ലാ എന്ന് പറയുന്നത് നീതികേടാണ്.
ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ആ പെണ്‍കുട്ടിയുടെ ഒപ്പം നില്‍ക്കണം എന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. ഇരയുടെ കൂടെ നില്‍ക്കുക എന്നത് നമ്മുടെ പ്രാഥമിക ബോധ്യമാണ്. മറുവശം ഉണ്ടാകുന്ന കേസുകളും ഉണ്ടാകാം.
സിനിമയില്‍ കാണിക്കുന്ന പൊലീസ് സ്റ്റേഷനിലെ സംഭവം എനിക്ക് മറ്റൊരു സന്ദര്‍ഭത്തില്‍ ഉണ്ടായതാണ്. പബ്ലിക് സ്‌പേസില്‍ വെച്ച് ഒരാള്‍ എന്നോട് അപമര്യാദയായി പെരുമാറി. അപ്പോള്‍ തന്നെ അയാളെ തല്ലുകയും ചെയ്തു. അതിനുശേഷം ആണ് അറിയുന്നത് ഇയാള്‍ ഒരു പോലീസ് ഓഫീസര്‍ ആണെന്ന്. അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. അന്ന് ഞാന്‍ പരാതി കൊടുത്തു. സ്റ്റേഷനില്‍ ഉണ്ടായ അനുഭവങ്ങള്‍ തന്നെയാണ് സിനിമയിലും കാണിച്ചിരിക്കുന്നത്.
അമൃത ടി. സുരേഷ്: സിനിമയില്‍ കാസ്റ്റിങ് കൗച്ച് ചെയ്യുന്നത് സ്ത്രീപക്ഷ സംവിധായകനെന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ്. സ്ത്രീപക്ഷം എന്ന് പറഞ്ഞുനടക്കുന്നവരാണ് യഥാര്‍ത്ഥ കള്ളന്മാരെന്ന പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ രംഗമെന്ന് ചില ചര്‍ച്ചകള്‍ കണ്ടു. ഒരു സ്ത്രീപക്ഷ സംവിധായകനെ അവിടെ എന്തിന് കൊണ്ടുവന്നു?
ശ്രുതി ശരണ്യം: ആ കഥാപാത്രത്തെ അങ്ങനെ പ്ലേസ് ചെയ്തു എന്നെ ഉള്ളൂ. ജനറലൈസ് ചെയ്തു പറയാന്‍ പറ്റില്ല. സ്ത്രീപക്ഷ സിനിമയെടുക്കുന്ന എല്ലാ സംവിധായകരും മോശക്കാരാണ് എന്നല്ല. എന്നാല്‍ ശക്തമായ സ്ത്രീപക്ഷ സിനിമ എടുത്ത രണ്ടോ മൂന്നോ സംവിധായകരുടെ കൂടെ ജോലി ചെയ്യേണ്ടി വന്ന പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. സ്ത്രീപക്ഷ സിനിമ എടുക്കുന്ന എല്ലാ സംവിധായകരും മോശക്കാരാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.
അമൃത ടി. സുരേഷ്: സിനിമ ആളുകളുടെ ശ്രദ്ധയിലേക്ക് എത്തിച്ച ഒരു ഘടകം ഇതിന്റെ പ്രസ് മീറ്റ് തന്നെയാണ്. വലിയ തര്‍ക്കത്തിലേക്കാണ് പ്രസ് മീറ്റ് പോയത്. ഇതേ ആളുകള്‍ മെയ്ല്‍ സ്റ്റാര്‍സ് ഹീറോയായി എത്തുന്ന സിനിമകളുടെ പ്രസ് മീറ്റില്‍ വളരെ ചിരിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നു. അവരുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടെങ്കിലും അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കുന്നു. ചോദിച്ചാലും അതൊരു തര്‍ക്കത്തിലേക്ക് പോകുന്നതായി കാണുന്നില്ല. ഇതൊരു ഇരട്ട താപ്പല്ലേ?
ശ്രുതി ശരണ്യം: അതിലൊരു സംശയവുമില്ല. ഒരു മാനുഷിക പരിഗണന ഇല്ലാതെയാണ് സംസാരിച്ചത്.
സ്ത്രീകള്‍ വന്നിരുന്നാല്‍ അവരെ കൂട്ട ആക്രമണം നടത്താമെന്ന ചിന്തയാണ്. മമ്മൂട്ടിയെ പോലെ ഒരു വലിയ ആര്‍ട്ടിസ്റ്റ് വന്നിരുന്നാല്‍ അവര്‍ ഇതുപോലെ സംസാരിക്കുമോ?
സ്ത്രീകള്‍ ആയതുകൊണ്ട് കൂടിയാണ് ഈ ധൈര്യം വരുന്നത്. ഒരു അജണ്ടയോടു കൂടിയുള്ള പരിപാടിയായിരുന്നു. കാശുകൊടുത്ത് ചെയ്യിപ്പിച്ചതാണോ എന്ന് പോലും തോന്നി. സര്‍ക്കാരിന്റെ നിര്‍മാണത്തില്‍ വന്ന സിനിമയാണ്. ഈ സിനിമയോടൊക്കെ പ്രശ്‌നമുള്ള ആളുകള്‍ ഉണ്ടാകുമോ. സിനിമയെ പറ്റി കേട്ടറിഞ്ഞ് കാണാന്‍ വരുന്ന ആളുകള്‍ വളരെ കുറവാണ്. അങ്ങനെയുള്ള സമയത്ത് ഇത്തരം സിനിമകളെ തകര്‍ക്കാന്‍ എന്തിനാണ് ഇങ്ങനെ ഒരു ക്യാമ്പെയ്ന്‍. ഹേറ്റ് ക്യാമ്പെയ്‌നുകള്‍ നടക്കുന്നുണ്ട്. അതിനുവേണ്ടി വളരെ കാര്യമായി പണിയെടുത്തവരുണ്ട്. അതെന്തിനാണ് എന്ന് എനിക്കറിയില്ല.
അവിടെ വന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ തര്‍ക്കം ഉണ്ടാക്കിയ സംഭവമായിരുന്നു അത്. ബോധമുള്ള ആളുകള്‍ ആ സമയം എതിര്‍ത്ത് സംസാരിച്ചു. ഇവരൊന്നും മാധ്യമപ്രവര്‍ത്തനം പഠിച്ചിട്ട് വരുന്നവരല്ല. ആര്‍ക്കും വരാവുന്ന നിലയിലേക്ക് ഡിജിറ്റല്‍ മീഡിയ മാറിയിട്ടുണ്ട്. സിനിമയുടെ കാര്യത്തിലും അങ്ങനെയൊക്കെ തന്നെയാണ്. ആര്‍ക്കുവേണമെങ്കിലും എത്തിപ്പെടാവുന്ന നിലയായി. ഇവരെയൊന്നും പാഠം പഠിപ്പിച്ചു കൊടുക്കാവുന്ന സമയം എനിക്കില്ല.
എന്റെ അമ്മ സ്ത്രീയാണ് എന്റെ ഭാര്യ സ്ത്രീയാണ് എന്റെ മോള് സ്ത്രീയാണ് എന്ന് പറയുന്ന കൂട്ടത്തോട് എങ്ങനെ പ്രതികരിക്കണം. എന്റെ അച്ഛന്‍ ഒരു പുരുഷനാണ് ഭര്‍ത്താവ് പുരുഷനാണ് കാമുകനൊരു പുരുഷനാണ് ഇന്ന് ഞാന്‍ പറയുന്നില്ലല്ലോ. സ്ത്രീകളെ സംരക്ഷിക്കേണ്ടത് കടമയാണ് എന്നൊക്കെയാണ് പറയുന്നത്. സംരക്ഷിക്കപ്പെടേണ്ടവരാണ് സ്ത്രീകള്‍ എന്ന ചിന്തയില്‍ തന്നെ പ്രശ്‌നമുണ്ട്. അവരെ ഞാന്‍ കാര്യമായി എടുത്തിട്ടില്ല. സീരിയസായി എടുക്കുമ്പോഴാണ് ബുദ്ധിമുട്ട്. അവരെ സംബന്ധിച്ചിടത്തോളം വേണ്ടത് കിട്ടി. കുറച്ച് വ്യൂവര്‍ഷിപ്പ് ഉണ്ടാക്കണം. അതുകൊണ്ട് നമുക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ. സിനിമയെ പറ്റി നാലാള്‍ അറിഞ്ഞു.
content highlight ; Casting Couch in Film My Own Experience, Interview with B32 to 44 Director Shruti Saranyam