ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ജിയിൽ നിന്ന് ബ്രസീൽ പ്രീക്വാർട്ടറിലേക്ക്. സ്വിറ്റസർലാൻഡിനെതിരെ നടന്ന ആവേശകരമായ ഏറ്റുമുട്ടലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം.
മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരുന്നിടത്താണ് ബ്രസീൽ സൂപ്പർതാരം കസെമിറോ തകർപ്പൻ ഗോളോടെ ടീമിനെ മുന്നിലെത്തിച്ചത്.
മത്സരത്തിന്റെ 81ാം മിനിട്ടില്‍ ആന്റണിയെടുത്ത കോര്‍ണര്‍ കിക്കിന്റെ ഭാഗമായി ഗയ്‌മെറസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്‌തെങ്കിലും ഗോള്‍കീപ്പര്‍ സോമര്‍, പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
എന്നാല്‍ ആരാധകരെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് കാസെമിറോ കാനറികള്‍ക്ക് വേണ്ടി ഗോളടിക്കുകയായിരുന്നു.
നേരത്തെ വിനീഷ്യസ് ജൂനിയര്‍ ഒരു തവണ വല കുലുക്കിയിരുന്നെങ്കിലും ഓഫ് സൈഡ് ആയതിനെ തുടര്‍ന്ന് അത് പാഴാവുകയായിരുന്നു. മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്.
നെയ്മറിന്റെ അഭാവം ടീമിന്റെ പ്രകടനത്തിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. സ്വിസ് പ്രതിരോധ നിരയാകട്ടെ ശക്തമായ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.
12ാം മിനിട്ടിൽ ബ്രസീലിന്റെ മുന്നേറ്റം മത്സരത്തിന് ചൂടുപിടിപ്പിക്കുയായിരുന്നു. ഇടത് വിങ്ങിൽ നിന്ന് ലൂകാസ് പക്വേറ്റയുടെ പാസിലൂടെ റിച്ചാർലിസൺ ബോക്‌സിലേക്ക് പന്ത് നീട്ടികൊടുത്തു. പക്ഷെ വിനീഷ്യസ് ജൂനിയറിന്റെ ഷോട്ട് സ്വിസ് പ്രതിരോധതാരം എൽവേദി തടുത്തിടുകയായിരുന്നു.
തുടർന്ന് റിച്ചാർലിസൺ ഒരു ലോങ് ഷോട്ട് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 27ാം മിനിട്ടിൽ റഫീഞ്ഞയുടെ ഷോട്ട് സ്വിസ് ഗോൾ കീപ്പർ കയ്യിലൊതുക്കി. 31ാം മിനിട്ടിൽ മിലിറ്റാവയുമൊത്തുള്ള മുന്നേറ്റവും പാളിപ്പോവുകയായിരുന്നു. അതേസമയം സ്വിസ്റ്റസർലാൻഡിന് കാര്യമായ അവസരങ്ങൾ ഒത്തുവന്നില്ല.
മുന്നേറ്റ നിരയിൽ റിച്ചാർലിസണിനൊപ്പം വിനീഷ്യസ് ജൂനിയറും റാഫീഞ്ഞയുമാണ് ആദ്യ ഇലവനിൽ സ്ഥാനം നേടിയത്.
പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന സൂപ്പർതാരം നെയ്മർക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡിനെയാണ് ടിറ്റെ ടീമിലുൾപ്പെടുത്തിയത്. അതേസമയം റൈറ്റ് ബാക്കായി പരിക്കേറ്റ ഡാനിലോക്ക് പകരം റയൽ മാഡ്രിഡിന്റെ എഡർ മിലിറ്റാവോ എത്തിയതോടെ പ്രതിരോധം വീണ്ടും ശക്തമാവുകയായിരുന്നു.
ബ്രസീൽ ആദ്യ മത്സരത്തിൽ സെർബിയയെ തോൽപ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. റിച്ചാർലിസണിന്റെ ഇരട്ട ഗോളാണ് ബ്രസീലിനെ രക്ഷിച്ചത്. സ്വിറ്റ്സർലൻഡും ആദ്യ മത്സരം ജയിച്ചാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്വിസ് ടീമിന്റെ ജയം. അതേസമയം, ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഗ്രൂപ്പിലെ കാമറൂൺ- സെർബിയ പോരാട്ടം സമനിലയിൽ കലാശിക്കുകയായിരുന്നു.