നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണം, പ്രതികളുടെ അവകാശവും സംരക്ഷിക്കപ്പെടണം: ഹൈക്കോടതി
Kerala News
നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണം, പ്രതികളുടെ അവകാശവും സംരക്ഷിക്കപ്പെടണം: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th January 2022, 3:37 pm

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ സാക്ഷികളെ രണ്ടാമത് വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി മൊഴികള്‍ ഉണ്ടാക്കാനാണോ നീക്കമെന്നും സംശയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.

വിചാരണ കോടതിക്കെതിരായ ഹരജി പരിഗണിക്കുന്നതി നിടെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, കേസുമായി ബന്ധപ്പെട്ട് 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ കോടതിയുടെ അനുമതി തേടിയിരുന്നത്. ഇതില്‍ ഏഴ് പേരും നേരത്തെ തന്നെ മൊഴി രേഖപ്പെടുത്തിയിരുന്നവരാണ്. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ഒമ്പത് പേരില്‍ നിന്ന് പുതുതായി വിരങ്ങള്‍ തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം വിചാരണ കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, കേസില്‍ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കേസില്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്മേല്‍ തുടരന്വേഷണത്തിന് കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കേസില്‍ പള്‍സര്‍ സുനിയെയും നടന്‍ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. വിയ്യൂര്‍ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക.

അതേസമയം, ദിലീപിനും സുഹൃത്തുക്കള്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് പള്‍സര്‍ സുനിയുടേതെന്ന് പറയപ്പെടുന്ന കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Case of assault on actress;  the rights of the accused must be protected: High Court