വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണനെതിരേയുള്ള കേസ് ജനാധിപത്യ വിരുദ്ധം; ഉമ്മന്‍ചാണ്ടി
Kerala News
വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണനെതിരേയുള്ള കേസ് ജനാധിപത്യ വിരുദ്ധം; ഉമ്മന്‍ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th July 2018, 10:55 pm

പാലക്കാട്: മതവിദ്വേഷം പടര്‍ത്തിയെന്ന് ആരോപിച്ച് മാതൃഭൂമി ന്യൂസ് വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണനെതിരേ കേസെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും.

കേസെടുത്ത സംഭവം ജനാധിപത്യ വിരുദ്ധമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വിമര്‍ശനങ്ങളെ മുഖ്യമന്ത്രി ഭയക്കുകയാണ്. ദുരുദ്ദേശ്യപരമാണ് കേസ്. സംഭവം മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നും എഫ്.ഐ.ആര്‍ ഉടന്‍ റദ്ദ് ചെയ്യണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേസ് മാധ്യമ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റത്തിന്റെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. വിമര്‍ശിക്കുന്നവരുടെ വായ മൂടിക്കെട്ടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.


Read: കെ.സി.എയില്‍ വന്‍ സാമ്പത്തിക ക്രമക്കേട്; ടി.സി മാത്യുവിനെതിരെ റിപ്പോര്‍ട്ട്


കേന്ദ്രത്തില്‍ നരേന്ദ്രമോദി സ്വീകരിക്കുന്ന അതേ ശൈലിയാണ് ഇവിടെ മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും എം.എം ഹസന്‍ പറഞ്ഞു. മതസ്പര്‍ധ വളര്‍ത്തിയെന്ന പരാതിയെ തുടര്‍ന്നാണ് വേണുവിനെതിരെ പൊലീസ് കേസെടുത്തത്. ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി ബിജു നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

കഴിഞ്ഞ ജൂണ്‍ മാസം 7ാം തിയ്യതി മാതൃഭൂമി ചാനലിലെ സൂപ്പര്‍ പ്രൈം ടൈമില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്നാണ് വേണുവിനെതിരെയുള്ള പരാതി. എടത്തലയില്‍ ഉസ്മാന്‍ എന്ന യുവാവിനെ പൊലീസ് മര്‍ദിച്ചതിനെ കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചുകൊണ്ട് വേണു നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

“കേരളത്തിലെ മുസ്ലിം സഹോദരങ്ങളെ….നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയില്‍ കഴിയുകയാണ്; ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തിയത്: നോമ്പ് തുറക്കാന്‍ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്…” എന്നായിരുന്നു വേണുവിന്റെ പരാമര്‍ശം.

വേണു നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതേതരത്വത്തേയും സമാധാന അന്തരീക്ഷത്തേയും തകര്‍ക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിയില്‍ പറയുന്നു.


Read:  ദിലീപേട്ടന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല; റിമി ടോമി


“മുസ്ലിം സഹോദരങ്ങളെ” എന്ന് സമൂഹത്തിന്റെ ഒരു വിഭാഗത്തെ മാത്രം അഭിസംബോധന ചെയ്ത് സമൂഹത്തില്‍ മതപരമായ വിഭജനവും വര്‍ഗീയതയും ഉയര്‍ത്താനുള്ള ശ്രമമാണ് നടന്നതെന്നും രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെ ഒരു വിഭാഗത്തിന് നേരെയുള്ള ആക്രമണമായി ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു

മതാചാരത്തെ അപമാനിച്ചു എന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നും ഇത് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് പരാതിയില്‍ പറയുന്നുണ്ട്. ചാനല്‍ ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ സഹിതമാണ് ഡി.വൈ.എഫ്.ഐ പരാതി നല്‍കിയത്.