മണിപ്പൂര്‍ കലാപത്തില്‍ ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കുമെതിരായ റിപ്പോര്‍ട്ട്; എഡിറ്റേഴ്സ് ഗില്‍ഡിനെതിരെ കേസ്
ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തെ മുന്‍നിര്‍ത്തിയുള്ള ഏകപക്ഷീയ മാധ്യമ സമീപനങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യക്കെതിരെ കേസ്. റിപ്പോര്‍ട്ട് തയ്യാറാക്കിയ വസ്തുതാന്വേഷണ സംഘത്തിലെ മൂന്ന് അംഗങ്ങള്‍ക്കെതിരെയും എഡിറ്റേഴ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റിനും എതിരായിട്ടാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി മെയ്ത്തി വിഭാഗത്തെ പിന്തുണച്ചുവെന്നും മണിപ്പൂരി മാധ്യമ പ്രവര്‍ത്തകര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നുമായിരുന്നു എഡിറ്റേഴ്സ് ഗില്‍ഡ് വസ്തുതാപരിശോധ സമിതിയുടെ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തത്.
മാധ്യമപ്രതിനിധികളായ സീമ ഗുഹ, സഞ്ജയ് കപൂര്‍, ഭരത് ഭൂഷണ്‍ എന്നിവര്‍ക്കെതിരെ ഇംഫാല്‍ ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തകന്‍ എന്‍. ശരത് സിങ്ങിന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
കേസെടുത്ത വിവരം മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങാണ് അറിയിച്ചത്. എല്ലാ സമുദായ പ്രതിനിധികളെയും കാണാതെ ചില വിഭാഗങ്ങളെ മാത്രം കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്നാണ് ബിരേന്‍ സിങ്ങന്റെ വാദം. സമിതിയുടെ റിപ്പോര്‍ട്ട് വ്യാജവും കെട്ടിച്ചമച്ചതും സ്പോണ്‍സേര്‍ഡുമാണെന്നാണ് പൊലീസ് എഫ്.ഐ.ആറിലും പറയുന്നത്
അതേസമയം, കലാപം ആരംഭിച്ച നാള്‍ മുതലുള്ള ഇന്റര്‍നെറ്റ് നിരോധനം സംസ്ഥാനത്ത് വിപരീതഫലം ഉണ്ടാക്കിയെന്നും മണിപ്പൂരില്‍ നിന്നുള്ള യഥാര്‍ത്ഥ വാര്‍ത്തകള്‍ പുറത്തുവരുന്നില്ലെന്നുമാണ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നന്നത്.
മണിപ്പൂരില്‍ മെയ് മൂന്നിന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ദിവസങ്ങളില്‍ കുകി ഭൂരിപക്ഷ ജില്ലകളായ ചുരാചന്ദ്പൂര്‍, കാങ്‌പോക്പി, തെങ്‌നൗപാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ അപ്രത്യക്ഷമായതായി എഡിറ്റേഴ്‌സ് ഗില്‍ഡ് ടീം കണ്ടെത്തി. മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയ പത്തിലധികം സംഭവങ്ങള്‍ എഡിറ്റേഴ്സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി.
ഏഴ് വയസുള്ള കുകി ബാലനെ മെയ്ത്തി ആള്‍ക്കൂട്ടം ആക്രമിച്ച വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയേയും അമ്മയേയും ആംബുലന്‍സില്‍ ജീവനോടെ കത്തിച്ചതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. കുകി ആധിപത്യമുള്ള ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയില്‍ മ്യാന്‍മര്‍ പൗരന്‍മാര്‍ക്ക് ചികിത്സ നല്‍കി എന്ന വാര്‍ത്ത പല മാധ്യമങ്ങളും പുറത്തുവിട്ടു. ഗ്വാള്‍ട്ടബിയിലെ ഒരു ക്ഷേത്രം കുകി മിലിറ്റന്റുകള്‍ അശുദ്ധമാക്കിയെന്ന വാര്‍ത്തയും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Case against Editors Guild, Report on Manipur Riots Against Government and Media