ഹാത്രാസ്: ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ആം ആദ്മി പാര്‍ട്ടി എം.എല്‍.എക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് ഹാത്രാസ് പൊലീസ്.
സെപ്തംബര്‍ 29ന് കൊവിഡ് പോസിറ്റീവായ എം.എല്‍.എ കുല്‍ദീപ് കുമാര്‍ ഒക്ടോബര്‍ നാലിന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.
കോണ്ട്‌ലിയില്‍ നിന്നുള്ള ആം ആദ്മി എം.എല്‍.എ ട്വിറ്ററിലൂടെ സെപ്തംബര്‍ 29നാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
”കഴിഞ്ഞ രണ്ട് ദിവസമായി പനിയായിരുന്നു. സംശയത്തെ തുടര്‍ന്ന് കൊവിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവായി” എന്നായിരുന്നു അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്.
കഴിഞ്ഞ 2-3 ദിവസത്തിനുള്ളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഒക്ടോബര്‍ നാലിന് കുല്‍ദീപ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചത്.
ഉത്തര്‍പ്രദേശില്‍ നടക്കുന്നത് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കൊലപാതകമാണ്. ഉത്തര്‍പ്രദേശിലെ യോഗി രാജില്‍ നിയമമില്ല. ജംഗിള്‍ രാജാണ് അവിടെ നടപ്പിലാകുന്നത് എന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെ ആം ആദ്മി എം.എല്‍.എ പ്രതികരിച്ചിരുന്നു.
യു.പിയിലെ ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 29ന് ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
കേസിലെ പൊലീസ് നടപടിക്കെതിരെ തുടക്കം മുതല്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചുകളഞ്ഞതിനെതിരെയും ഫോറന്‍സിക് പരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകളില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെതിരെയും വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
പെണ്‍കുട്ടിയുടെ മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും എത്രയും വേഗം കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഫോറന്‍സിക് പരിശോധന നടത്താന്‍ വൈകിയത് ഗുരുതര കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം ഹാത്രാസ് കേസില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യു.പി സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്ന കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഒരാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അന്വേഷണത്തിന് കോടതി നിയോഗിക്കുന്ന സംഘം തന്നെ വേണമെന്ന് ഹരജിക്കാരുടെ അഭിഭാഷക ചൂണ്ടിക്കാട്ടിയിരുന്നു. കേസിനെ സംബന്ധിച്ച് കോടതി മേല്‍നോട്ടത്തില്‍ ഉള്ള അന്വേഷണത്തിന് ഉത്തരവിടണമെന്ന് യു.പി സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.
ഹാത്രാസ് സംഭവത്തിന് ശേഷം യു.പി സര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. വിഷയത്തില്‍ കൃത്യമായ നടപടിയെടുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഹാത്രാസ് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അക്രമത്തിന് ശ്രമിച്ചവരെയും ‘കൊവിഡ് വ്യാപന’ത്തിന് ശ്രമിച്ച തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ സംരക്ഷിച്ചവരെയും എങ്ങനെയാണ് നേരിട്ടതെന്ന കാര്യം ആരും മറക്കരുത്. അവരെ തുറന്നുകാട്ടുക മാത്രമായിരുന്നില്ല. അത്തരം സംഘങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്തുവെന്നും യോഗി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Case Against AAP Leader Who Visited Hathras Days After Covid +ve Result