തിരുവനന്തപുരം: ഉന്തിയ പല്ലിന്റെ പേരില്‍ അട്ടപ്പാടിയിലെ കുമ്പര്‍ ഗോത്രവര്‍ഗ വിഭാഗത്തിലെ യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായതില്‍ കേസെടുത്ത് പട്ടികജാതി-പട്ടികഗോത്രവര്‍ഗ വിഭാഗം. പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലെ മുത്തുവിനാണ് ജോലി നിഷേധിച്ചിരുന്നത്.
ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേട്ടര്‍, പി.എസ്.സി സെക്രട്ടറി തുടങ്ങിയവര്‍ വിഷയത്തില്‍ ഒരാഴചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗോത്ര വര്‍ഗ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
പ്രാകൃതമായ ഒരു യുക്തിയുമില്ലാത്ത ഇത്തരം നിയമങ്ങള്‍ പി.എസ്.സിയില്‍ ഉണ്ടെങ്കില്‍ അത് പരിഷ്‌കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ അടക്കം ഉയരുന്ന വിമര്‍ശനങ്ങള്‍. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പട്ടികജാതി-പട്ടികഗോത്രവര്‍ഗ വിഭാഗം വിഷയത്തില്‍ കേസടുത്തിരുന്നത്.
ഉപജീവനത്തിനായി വനത്തെ ആശ്രയിച്ച് കഴിയുന്ന ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റാണ് ബീറ്റ് ഓഫിസര്‍ തസ്തിക. അട്ടപ്പാടിയിലെ
മുക്കാലിയില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തിലാണ് മുത്തു താമസിക്കുന്ന ആനവായ് ഊര്.
വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനായുളള അഭിമുഖം വരെ എത്തിയതിന് ശേഷമാണ് താന്‍ അയോഗ്യനാണെന്ന് പി.എസ്.സി അറിയിച്ചതെന്നാണ് മുത്തു പറയുന്നത്.
ബീറ്റ് ഫോറസ്റ്റ് ഓഫിസറെ നിയമിക്കാനുള്ള പി.എസ്.സിയുടെ സ്പെഷ്യല്‍ റിക്രൂട്മെന്റില്‍ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണ് മുത്തു അഭിമുഖത്തിന് എത്തിയത്.
ഇതിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.