നന്ദിയുണ്ട് മുഹമ്മദ്‌ കുട്ടി, ക്രിസ്ത്യാനികളെ സ്വവർഗാനുരാഗികളായി ചിത്രീകരിച്ചതിന്'; മമ്മൂട്ടിക്കെതിരെ കാസ
Film News
നന്ദിയുണ്ട് മുഹമ്മദ്‌ കുട്ടി, ക്രിസ്ത്യാനികളെ സ്വവർഗാനുരാഗികളായി ചിത്രീകരിച്ചതിന്'; മമ്മൂട്ടിക്കെതിരെ കാസ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th November 2023, 9:28 am

തിരുവനന്തപുരം: കാതൽ ദി കോർ ക്രിസ്ത്യൻ വിരുദ്ധ സിനിമയാണെന്ന പ്രചാരണവുമായി മമ്മൂട്ടിക്കെതിരെ കാസ.

‘നന്ദിയുണ്ട് മുഹമ്മദ്‌ കുട്ടി’ എന്ന് തുടങ്ങുന്ന പോസ്റ്റ്‌ കാസയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. മനപ്പൂർവം ക്രിസ്ത്യാനികളെ സ്വവർഗാനുരാഗികളായ കഥാപാത്രങ്ങളാക്കിയെന്നാണ് കാസ ആരോപിക്കുന്നത്.

സ്വന്തം സമുദായത്തെ കുറിച്ച് ക്രിസ്ത്യാനികളിൽ അവമതിപ്പ് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും ക്രൈസ്തവ വിരുദ്ധമായ മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിന് ശേഷം ഗൂഢ ലക്ഷ്യത്തോടെ പുറത്തുവന്ന ചിത്രമാണ് ക്രൈസ്തവ പശ്ചാത്തലത്തിലുള്ള കാതലെന്നും കാസ ആരോപിക്കുന്നുണ്ട്.

ചിത്രം ക്രൈസ്തവ പശ്ചാത്തലത്തിലുള്ളതും കേന്ദ്ര കഥാപാത്രങ്ങൾ സ്വവർഗാനുരാഗികളായതുമാണ് കാസയെ പ്രകോപിപ്പിച്ചത്. ചിത്രത്തിലെ വൈദികൻ സ്വവർഗാനുരാഗത്തെ ന്യായീകരിക്കുകയാണ് എന്ന ആരോപണവും കാസ ഉന്നയിക്കുന്നുണ്ട്.

അതേസമയം മമ്മൂട്ടിയെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് കാസയുടെ ആരോപണങ്ങൾ. മമ്മൂട്ടിയുടെ അടുത്ത സിനിമയിൽ ക്രിസ്ത്യാനികളുടെ റോൾ എന്താണെന്നറിയാൻ കാത്തിരിക്കുകയാണ് എന്നും പോസ്റ്റിൽ പറയുന്നുണ്ട്.

ഭീഷ്മപർവ്വം സിനിമ കണ്ട ശേഷം വൈദികരും കന്യാസ്ത്രീകളും സൂസപാക്യം പിതാവും അൽത്താരയുടെ മുമ്പിൽ വെച്ച് ചാമ്പിക്കോ ട്രെൻഡിന്റെ ഭാഗമായത് പോലെ കാതൽ കണ്ട്‌ ട്രെൻഡിനൊപ്പം പോകരുതെന്നും അത് അസന്മാർഗികമാണെന്നുമാണ് കാസ പോസ്റ്റിൽ പറയുന്നത്.

Content Highlight: CASA against Mammootty in Kathal the Core