ടി-10 ലീഗില്‍ ന്യൂയോര്‍ക്ക് സ്ട്രൈക്കേഴ്‌സും ഗ്രാന്‍ഡ് കേമാന്‍ ജാഗ്വര്‍സും തമ്മിലുള്ള മത്സരത്തിനിടെ ഉണ്ടായ ഒരു പ്രത്യേക സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ശ്രദ്ധ നേടുന്നത്. വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍താരം കാര്‍ലോസ് ബ്രാത്‌വെയ്റ്റ് ഔട്ട് ആയതിന് ശേഷം ഉണ്ടായ സംഭവത്തിന്റെ വീഡിയോയായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ന്യൂയോര്‍ക്ക് സ്ട്രൈക്കേഴ്സ് താരമായ ബ്രാത്‌വെയ്റ്റ് അമ്പയറുടെ തീരുമാനത്തില്‍ പുറത്തായത്തിന് പിന്നാലെ ഇതിനെതിരെ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് വിന്‍ഡീസ് താരം ഡഗൗട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ തന്റെ ഹെല്‍മറ്റ് ഊരി താരം ബാറ്റ് കൊണ്ട് അടിച്ചു തെറിപ്പിക്കുകയായിരുന്നു.
— Cric guy (@Cricguy88) August 25, 2024
മത്സരത്തില്‍ സ്ട്രൈക്കേഴ്സ് ബാറ്റിങ്ങിന്റെ ഒമ്പതാം ഓവറിലെ അഞ്ചാം പന്തില്‍ ആയിരുന്നു ബ്രാത്‌വെയ്റ്റ് പുറത്തായത്. ജോഷ് ലിറ്റില്‍ എറിഞ്ഞ ഓവറില്‍ ഓണ്‍ ഫീല്‍ഡില്‍ നിന്നും ക്യാച്ച് എടുത്തപ്പോള്‍ അമ്പയര്‍ താരത്തിനെതിരെ ഔട്ട് വിധിക്കുകയായിരുന്നു. എന്നാല്‍ അമ്പയറുടെ ഈ വിധിക്കെതിരെ ബ്രാത്‌വെയ്റ്റ് നിരാശ പ്രകടിപ്പിക്കുകയായിരുന്നു. മത്സരത്തില്‍ അഞ്ച് പന്തില്‍ ഏഴ് റണ്‍സാണ് കാര്‍ലോസ് നേടിയത്.
അതേസമയം മത്സരത്തില്‍ ന്യൂയോര്‍ക്ക് എട്ട് റണ്‍സിന് വിജയിച്ചിരുന്നു. ടോസ് നേടിയ ജാഗ്വാര്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂയോര്‍ക്ക് പത്ത് ഓവറില്‍ 104 റണ്‍സാണ് നേടിയത്.
ന്യൂയോര്‍ക്കിനായി മിച്ചല്‍ ഓവന്‍ പത്ത് പന്തില്‍ 22 റണ്‍സും ബ്രാന്‍ഡന്‍ മക്മുള്ളന്‍ എട്ട് പന്തില്‍ 18 റണ്‍സും നേടി നിര്‍ണായകമായി.
ജാഗ്വാര്‍സ് ബൗളിങ്ങില്‍ സിക്കന്ദര്‍ റാസ, ജേക്ക് ലിന്റോട്ട്, ജോഷ് ലിറ്റില്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. ക്രിസ് വുഡ്, ലോഗന്‍ വാന്‍ ബിക്ക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ജാഗ്വാര്‍സിന് പത്ത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. സ്‌ട്രൈക്കേഴ്‌സിനായി അന്‍ഷ് പട്ടേല്‍ രണ്ട് വിക്കറ്റും മിച്ചല്‍ ഓവന്‍, ഇസരു ഉദാന എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഗ്രാന്‍ഡ് കേമാനായി അലക്‌സ് ഹെയ്ല്‍സ് 24 പന്തില്‍ 35 റണ്‍സും റാസ 16 പന്തില്‍ 27 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
Content Highlight: Carlos Brathwaite Reaction Out Goes viral