ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതോടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ സൈനിങ്ങിലെ ചില തടസങ്ങള്‍ കാരണം ബ്രൂഗ്രാനക്കൊപ്പം ബൂട്ടുകെട്ടണമെന്ന മെസിയുടെ ആഗ്രഹം സാധ്യമായില്ല. തുടര്‍ന്ന് ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമിയുമായി താരം സൈനിങ് നടത്തുകയായിരുന്നു.
മയാമിയുടെ ജേഴ്സിയില്‍ മെസിയെ സങ്കല്‍പ്പിക്കാനാകുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ബാഴ്സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ട. ഇന്റര്‍ മയാമി ജേഴ്സിയില്‍ മെസിയെ കാണുമ്പോള്‍ എന്തോ വിചിത്രത തോന്നുന്നെന്നും എന്നാല്‍ എം.എല്‍.എസ് കളിക്കാനെടുത്ത മെസിയുടെ തീരുമാനത്തെ തങ്ങള്‍ ബഹുമാനിക്കുന്നെന്നും ലപോര്‍ട്ട പറഞ്ഞു. ഇ.എസ്.പി.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ഇന്റര്‍ മയാമി ജേഴ്സിയില്‍ മെസിയെ കാണുമ്പോള്‍ എന്തോ വിചിത്രത തോന്നുന്നു. മെസിയെ കൂടുതലും ബാഴ്സലോണ ജേഴ്സിയിലാണ് കണ്ടിട്ടുള്ളത്. അവന്റെ ആരാധകര്‍ അവനെ കൂടുതലും അങ്ങനെയാണ് കണ്ടിട്ടുള്ളത്.
പക്ഷെ ഞങ്ങള്‍ മെസിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ഞങ്ങളുടെ താരങ്ങള്‍ക്ക് നല്ലത് സംഭവിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തന്റെ 14ാമത്തെ വയസിലാണ് മെസി ബാഴ്സയിലെത്തിയത്. തുടര്‍ന്ന് 20 വര്‍ഷം അവനിവിടെ ചെലവഴിച്ചു. മയാമിയില്‍ അവന്‍ വളരെ സന്തോഷവാനാണെന്നാണ് ഞാന്‍ കരുതുന്നത്,’ ലപോര്‍ട്ട പറഞ്ഞു.
അതേസമയം, എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്കായി അരങ്ങേറ്റ നടത്തിയതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മെസി ഗോള്‍ നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകളാണ് മെസി വലയിലെത്തിച്ചത്. ഇതോടെ മയാമിക്കായി കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം.