റെക്കോര്‍ഡ് നേട്ടത്തില്‍ ക്യാപ്റ്റന്‍ സൂര്യ; കോഹ്‌ലിയുടെ റെക്കോഡിനൊപ്പവും എത്തി
Sports News
റെക്കോര്‍ഡ് നേട്ടത്തില്‍ ക്യാപ്റ്റന്‍ സൂര്യ; കോഹ്‌ലിയുടെ റെക്കോഡിനൊപ്പവും എത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th December 2023, 11:07 pm

ഡിസംബര്‍ 12ന് സെന്റ് ജോര്‍ജ് ഓവനില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന രണ്ടാം ടി ട്വന്റി മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് റെക്കോഡ് നേട്ടം. ടി ട്വന്റി മത്സരത്തില്‍ കുറഞ്ഞ പന്തില്‍ 2000 റണ്‍സ് മറികടക്കുന്ന ഏറ്റവും വേഗമേറിയ ഇന്ത്യന്‍ താരമായി മാറുകയാണ് ക്യാപ്റ്റന്‍ സൂര്യ. ടി ട്വന്റിയിലെ തന്റെ അമ്പത്താറാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ പേസ് ബൗളര്‍ ലിസാഡ് വില്യംസിനെ മിഡ് വിക്കറ്റില്‍ സിക്‌സര്‍ പറത്തിയാണ് സൂര്യ റെക്കോഡ് സ്വന്തമാക്കിയത്. 1164 പന്തില്‍ നിന്നാണ് സൂര്യ 2000 റണ്‍സ് നേടുന്നത്. ഇതിനുമുമ്പ് ഈ റെക്കോഡ് സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ആരോണ്‍ ഫിഞ്ച് 1283 പന്തില്‍ നിന്നായിരുന്നു 2000 റണ്‍സ് കണ്ടെത്തിയത്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഗ്ലെന്‍ മാക്‌സ്‌വെല്‍ 1304 പന്തില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ടി ട്വന്റിയില്‍ 56 മത്സരങ്ങളില്‍ നിന്നും 2000 റണ്‍സ് തികച്ച ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡിനൊപ്പം ആണ് ഇപ്പോള്‍ ഇന്ത്യന്‍ ടി ട്വന്റി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എത്തിനില്‍ക്കുന്നത്. ഈ കോമ്പിനേഷനില്‍ പാക്കിസ്ഥാന്‍ താരങ്ങളായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും 52 മത്സരങ്ങളില്‍ നിന്നും അതിവേഗം 2000 റണ്‍സ് തികക്കുന്ന പട്ടികയില്‍ മുന്നിലുണ്ട്.

2023 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മോശം പ്രകടനമാണ് സൂര്യകുമാര്‍ യാദവ് നടത്തിയതെന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ ടി ട്വന്റി പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് സൂര്യയുടെ ക്യാപ്റ്റന്‍സില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ സൂര്യ 144 റണ്‍സ് നേടി മികവ് കാണിച്ചിരുന്നു.

സൗത്ത് ആഫ്രിക്കക്കെതിരെ ഡിസംബര്‍ 10ന് നടക്കാനിരുന്ന ആദ്യ ടി ട്വന്റി മഴ മൂലം ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ രണ്ടാം ടി ട്വന്റിയില്‍ അദ്ദേഹം തന്റെ മിന്നും പ്രകടനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളിനെയും ശുഭ്മന്‍ ഗില്ലിനേയും പൂജ്യം റണ്‍സിനാണ് നഷ്ടപ്പെട്ടത്. ബാറ്റിങ് നിരയിലെ തകര്‍ച്ചക്ക് ശേഷം എത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. നിര്‍ണായക ഘട്ടത്തില്‍ 36 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 56 റണ്‍സ് ആണ് ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. 155.56 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരത്തിന്റെ മിന്നും പ്രകടനം. എന്നാല്‍ തബ്രായിസ് ഷംസിയെ ആക്രമിച്ചു കളിക്കുമ്പോള്‍ മാര്‍ക്കോ ജാന്‍സന് വിക്കറ്റ് നല്‍കി താരം മടങ്ങുകയായിരുന്നു.

 

Content Highlight: Captain Suryakumar Yadav in record achievement