ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വീണ്ടും മലക്കംമറിഞ്ഞ് ദല്‍ഹി സര്‍വകലാശാല. നരേന്ദ്ര മോദി തങ്ങളുടെ പൂര്‍വ വിദ്യാര്‍ത്ഥി ആണെങ്കിലും നിലവില്‍ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതിനാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് പൊതുജനങ്ങള്‍ക്ക് നല്‍കാനാവില്ലെന്നാണ് സര്‍വകലാശാല ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.
രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ട് വരുന്നവര്‍ക്ക് മുമ്പില്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാനാവില്ലെന്നും അപരിചിതര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനാവില്ലെന്നും സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
വിവരാവകാശ നിയമപ്രകാരം അപരിചിതര്‍ക്ക് ഇത് വെളിപ്പെടുത്തരുതെന്നും ദല്‍ഹി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ദല്‍ഹി സര്‍വകലാശാല നല്‍കിയ ഹര്‍ജിയില്‍ കോടതി വിധി പറയാന്‍ മാറ്റി.
‘കോടതിയില്‍ ഇത് കാണിക്കുന്നതില്‍ ഡി.യു.വിന് യാതൊരു മടിയുമില്ല. പക്ഷേ സര്‍വകലാശാലയുടെ രേഖകള്‍ അപരിചിതര്‍ക്ക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ല,’ തുഷാര്‍ മേത്ത പറഞ്ഞു. അറിയാനുള്ള അവകാശത്തെക്കാള്‍ വലുതാണ് സ്വകാര്യതയ്ക്കുള്ള അവകാശമെന്നും ആയതിനാല്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രിയായ ഒരു മുന്‍ വിദ്യാര്‍ത്ഥിയുടെ ബിരുദമാണ് ആവശ്യപ്പെടുന്നത്. ഒരു സര്‍വകലാശാല എന്ന നിലയില്‍ ഡി.യുവിന് ഒന്നും മറച്ചുവെക്കാനില്ല. വര്‍ഷം തിരിച്ചുള്ള റെക്കോര്‍ഡ് ഞങ്ങളുടെ പക്കലുണ്ട്. കോടതിയില്‍ രേഖ കാണിക്കുന്നതില്‍ സര്‍വകലാശാലയ്ക്ക് എതിര്‍പ്പില്ല,’ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി.
1978ല്‍ ബിരുദ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്, വിജയശതമാനം, പേര്, റോള്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് കാണിച്ച് ആക്ടിവിസ്റ്റ് നീരജ് കുമാര്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്.
പിന്നാലെ ദല്‍ഹി സര്‍വകലാശാലയിലെ സെന്‍ട്രല്‍ പബ്ലിക്ക് ഇന്‍ഫര്‍മേന്‍ ഓഫീസര്‍ വിവരാവകാശം സംബന്ധിച്ച അപേക്ഷ നിരസിച്ചു. വിവരങ്ങള്‍ തരാന്‍ കഴിയില്ലെന്നും മൂന്നാം കക്ഷിയായ വ്യക്തിക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നുമായിരുന്നു ഓഫീസര്‍ പറഞ്ഞിരുന്നത്.
തുടര്‍ന്ന് നീരജ് കുമാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയും അപ്പീല്‍ നല്‍കുകയും ചെയ്തതിന് പിന്നാലെ കമ്മീഷന്‍ നീരജ് കുമാറിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
അതേസമയം വിദ്യാഭ്യാസ രേഖകള്‍ പൊതുവിവരമാണെന്നും വിദ്യാര്‍ത്ഥികളുടെ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കാരണം സര്‍വകലാശാലകള്‍ പൊതുസ്ഥാപനമാണെന്നും അവയുടെ രേഖകള്‍ പൊതു രേഖകളാണെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
ഹരജിയില്‍ 2017 ജനുവരി 24ന് നടന്ന ആദ്യ ഹിയറിങ്ങില്‍ തന്നെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്നും വ്യക്തിഗത വിവരങ്ങള്‍ പുറത്ത് വിടുന്നത് തെറ്റാണെന്നുമായിരുന്നു അന്ന് സര്‍വകലാശാല വാദിച്ചിരുന്നത്.
Content Highlight: Can show Narendra Modi’s degree to court but not to public, Delhi University says on High Court