തിരുവനന്തപുരം: മറ്റ് സഭകളില്‍ നിന്ന് വിവാഹം കഴിക്കാമെന്ന ചരിത്ര തീരുമാനവുമായി ക്‌നാനായ സഭ. കോട്ടയം അതി രൂപതയാണ് മറ്റ് സഭകളില്‍ നിന്ന് വിവാഹം ചെയ്യരുതെന്ന വിലക്ക് നീക്കിയത്.
കാസര്‍ഗോഡ് കൊട്ടോടി സ്വദേശി ജസ്റ്റിന്‍ ജോണ്‍ മംഗലത്താണ് ക്നാനായ സഭാംഗത്വം നിലനിര്‍ത്തി തന്നെ സിറോ മലബാര്‍ സഭയിലെ വിജി മോളെ വിവാഹം കഴിക്കാനൊരുങ്ങുന്നത്. നേരത്തെ സഭയിലെ കെ.സി.എന്‍.സി നടത്തിയ നിയമപോരാട്ടമാണ് സഭ മാറിയുള്ള വിവാഹത്തിന് അനുമതി നല്‍കാന്‍ ക്‌നാനയ സഭാ നേതൃത്വത്തെ നിര്‍ബന്ധിച്ചത്.
മറ്റ് സഭയില്‍ നിന്നും വിവാഹം കഴിച്ചാല്‍ രക്ത ശുദ്ധി നഷ്ടപ്പെടുമെന്നാണ് ക്‌നാനായ സമുദായത്തിന്റെ വിശ്വാസം. അതിനാല്‍ ഇത്തരം വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച് സഭയ്ക്ക് പുറത്ത് പോകണമെന്നായിരുന്നു സഭാനിയമം.
ഇതിനെതിരെ കോട്ടയം അതിരൂപതാംഗമായ കിഴക്കേ നട്ടാശ്ശേരി ഇടവകാംഗം ബിജു ഉതുപ്പും നിയമപോരാട്ടം നടത്തിയിരുന്നു.
1989ലായിരുന്നു ബിജുവിന്റെ വിവാഹം. ദമ്പതികള്‍ ക്നാനായ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നിട്ടും ബിജുവിന്റെ മുത്തശ്ശി ലാറ്റിന്‍ സമുദായക്കാരിയാണന്ന് പറഞ്ഞ് സഭാ അധികാരികള്‍ വിവാഹക്കുറി നിഷേധിച്ചിരുന്നു.
ബിജുവിന്റെ മുത്തശ്ശി ലാറ്റിന്‍ സമുദായക്കാരിയാണന്നും അതുകൊണ്ട് തന്നെ പിന്നീടുള്ള തലമുറയ്ക്ക് രക്ത ശുദ്ധിയില്ലെന്ന് പറഞ്ഞായിരുന്നു കുറി നിഷേധിച്ചത്. ഇതിനെതിരെ 35 വര്‍ഷത്തെ പോരാട്ടമാണ് ബിജു നടത്തിയത്.