ബെംഗളൂരു: ഗാന്ധി ജയന്തി ദിനത്തില്‍ ഹിന്ദു രാഷ്ട്രത്തിന് ആഹ്വനം ചെയ്ത് റാലി നടത്തി ഹിന്ദുത്വവാദികള്‍. കര്‍ണാടകയിലെ ഉഡുപ്പിയിലായിരുന്നു സംഭവം. എം.എല്‍.എയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘടനയാണ് റാലി സംഘടിപ്പിച്ചത്. പതിനായിരത്തോളം പേരടങ്ങുന്ന സംഘമാണ് ഹിന്ദുരാഷ്ട്രം വേണമെന്ന ആവശ്യവുമായി റാലിക്കിറങ്ങിയത്.
വടിവാളും കയ്യിലേന്തിയായിരുന്നു ഹിന്ദുത്വവാദികളുടെ റാലി. ഉഡുപ്പി എം.എല്‍.എ രഘുപതി ഭട്ട് അടക്കം നിരവധി ജനപ്രതിനിധികള്‍ റാലിയില്‍ പങ്കെടുത്തു. ജില്ലാ പൊലിസ് സേന മാര്‍ച്ചിനും മറ്റുപരിപാടികള്‍ക്കും സംരക്ഷണം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
വിദ്വേഷ പ്രചരണങ്ങളുടെ ഘോഷയാത്ര കൂടിയായിരുന്നു റാലിയെന്നാണ് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നായിരുന്നു ഉഡുപ്പിയിലെ ടെലിവിഷന്‍ റിപോര്‍ട്ടര്‍ ശ്രീകാന്ത് ഷെട്ടി കാര്‍ക്കളയുടെ ആഹ്വാനം.
‘എല്ലാ ഹിന്ദു കുടുംബങ്ങളിലും ആയുധം ഉണ്ടായിരിക്കണം. ആയുധപൂജ സമയത്ത്, ഹിന്ദുക്കള്‍ സൈക്കിള്‍, മിക്സി, ഗ്രൈന്‍ഡര്‍ എന്നിവയെ ആരാധിക്കരുത്, പകരം ആയുധങ്ങളെ ആരാധിക്കണം. ആ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള മനസ്സ് നമുക്ക് വളര്‍ത്തിയെടുക്കണം’-കാര്‍ക്കള പറഞ്ഞു.
ചില സ്ത്രീകള്‍ ഉഡുപ്പിയുടെ പേര് മോശമാക്കിയെന്നും എങ്കിലും ഹിന്ദു ജാഗരണ വേദികെ അവരുടെ തനിനിറം തുറന്നുകാട്ടിയെന്നും കാര്‍ക്കള പറഞ്ഞു.
ഹിജാബ് വിഷയത്തില്‍ ഉഡുപ്പിയില്‍ നിന്നാണ് പ്രതിഷേധങ്ങള്‍ തുടക്കമിടുന്നത്. ഈ വിഷയത്തെ ലക്ഷ്യം വെച്ചായിരുന്നു കാര്‍ക്കളയുടെ പരാമര്‍ശം. ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജുകളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ചും പ്രതിഷേധിച്ചിരുന്നു.
കോളേജുകളില്‍ ഇപ്പോള്‍ കാവി നിറത്തിലുള്ള തലപ്പാവാണ് കാണുന്നത്. ഇത് ഫാഷനു വേണ്ടി ധരിക്കുന്നതല്ല, മറിച്ച് സമൂഹം മാറിക്കൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനയാണെന്നും കാവി തലപ്പാവ് മാത്രമല്ല, ഭാവിയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍, നിങ്ങള്‍ക്ക് ആയിരം വാളുകള്‍ കാണാനാകുമെന്നും കാര്‍ക്കള പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന് പിന്നാലെ രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിഷേധം പലഭാഗങ്ങളിലും നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പലയിടത്തും പൊലീസ് കനത്ത ജാഗ്രതയാണ് ഒരുക്കിയിരുന്നു.
പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ചെന്നൈയില്‍ മാത്രം നാലായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കോയമ്പത്തൂര്‍ മേഖലയില്‍ ആയിരത്തോളം പൊലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നുിവെന്നും ഈ സാഹചര്യത്തില്‍ ആര്‍.എസ്.എസ് നടത്തുന്ന റൂട്ട് മാര്‍ച്ചിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
Content Highlight: Call for hindu rashtra on gandhi jayanti day, rally conducted with police escort says report