Kerala
ആഗ്രഹിച്ചതു നേടാന്‍ അതിരുകള്‍ക്കപ്പുറത്ത് ചിന്തിക്കുക: ഡോ.ആസാദ് മൂപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2011 Sep 24, 02:18 pm
Saturday, 24th September 2011, 7:48 pm

കോഴിക്കോട്: ആഗ്രഹിച്ചതു നേടാന്‍ അതിരുകള്‍ക്കപ്പുറത്ത് ചിന്തിക്കണമെന്നും അതാണ് തന്റെ വിജയരഹസ്യമെന്നും ഡോ.ആസാദ് മൂപ്പന്‍. “എന്റെ ജീവിതം എന്റെ സന്ദേശം” എന്ന പേരില്‍ കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ (സി.എം.എ) സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ മൂന്നാം ദിവസത്തില്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം.

ഒരു ലക്ഷ്യമുണ്ടാക്കുക, ഒരു സംഘത്തെ വാര്‍ത്തെടുക്കുക, ലക്ഷ്യത്തിനായി പോരാടുക. ചുറ്റുപാടുകളാണ് ഏറ്റവും പ്രധാനം, നിങ്ങളുടെ സാഹചര്യങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊള്ളുക. പുതിയ ചക്രവാളങ്ങള്‍ കീഴടക്കാന്‍ കടലിലേക്ക് എടുത്തു ചാടണമെന്നും തന്റെ ബിസിനസ് ജീവിതം വിശദീകരിച്ച് കൊണ്ട് നടത്തിയ പ്രഭാഷണത്തില്‍ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. ബിസിനസ്സില്‍ മാത്രമല്ല, കുടുംബവുമായും സാമൂഹിക ചുറ്റുപാടുകളുമായും ബന്ധം സൂക്ഷിക്കുക. ജീവിതത്തില്‍ ഒരു കുട്ടിയുടെ പ്രസരിപ്പ് നിലനിര്‍ത്തുക. സര്‍വ്വശക്തനുമായി ബന്ധം ഉണ്ടാക്കിയെടുക്കുക. മതം ഏതുമാകട്ടെ, അത് നിങ്ങള്‍ക്ക് ശാന്തിയും സ്വസ്ഥതയും പ്രദാനം ചെയ്യുമെന്ന് തന്റെ ജീവിത വിജയ രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം വിശദീകരിച്ചു.

മിംമ്‌സ് ഹോസ്പിറ്റല്‍ ചെയര്‍മാനായ ഡോ.ആസാദ് മൂപ്പന്‍, അഞ്ച് രാജ്യങ്ങളിലായി വിപുലമായ പദ്ധതികള്‍ക്ക് തങ്ങള്‍ തുടക്കമിട്ടിട്ടുണ്ടെന്നും കൊച്ചിയില്‍ മെഡിസിറ്റി സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും വെളിപ്പെടുത്തി. ലോകത്തെ മികച്ച 10 സ്ഥാപനങ്ങളില്‍ ഉള്‍പെടുന്ന സംവിധാനങ്ങള്‍ മെഡിസിറ്റിയില്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ 100 ദിവസങ്ങളില്‍ “എന്റെ ജീവിതം എന്റെ സന്ദേശം” എന്ന വിഷയത്തില്‍ ബിസിനസ്സ് രംഗത്ത് വിജയം കൊയ്ത പ്രശസ്തര്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കും. ആദ്യ ദിനം വിഗാര്‍ഡ് ഡയറക്ടര്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും രണ്ടാം ദിവസം മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ അഹമ്മദും ആയിരുന്നു തങ്ങളുടെ ജീവിതാനുഭവങ്ങളും സന്ദേശങ്ങളും കൈമാറിയത്.